ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറോ?; കളിക്കളം റെഡിയാക്കി ബിജെപി.. ഇനിയുള്ള സാധ്യതകൾ
പട്ന; സിനിമയെ വെല്ലുന്ന സസ്പെൻസ് നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ ബിഹാറിൽ ഭരണം പിടിച്ചിരിക്കുകയാണ് എൻഡിഎ. 125 സീറ്റുകളിലാണ് സഖ്യം വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിന് 110 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം എൻഡിഎ കേവല ഭൂരിപക്ഷം നേടിയതോടെ ഇനി സർക്കാർ രൂപീകരണമാണ് പ്രധാന ചർച്ച.
നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ജെഡിയു പറയുന്നത്.അതേസമയം എൻഡിഎ സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ ജെഡിയുവിന്റെയും നിതീഷിന്റേയും മോഹം അത്ര കണ്ട് എളുപ്പമാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ഭരണം ഉറപ്പിച്ച് എൻഡിഎ
എക്സിറ്റ് പ്രവചനങ്ങളേയെല്ലാം തച്ചുടച്ചു കൊണ്ടാണ് ബിഹാറിൽ വീണ്ടും എൻഡിഎ സഖ്യം അധികാരത്തിലേറിയിരിക്കുന്നത്.എന്നാൽ അപ്രതീക്ഷിത തിരിച്ചടിയാണ് നിതീഷ് കുമാറിന്റെ ജെഡിയു നേരിട്ടത്. 2015 ൽ 70 ന് മുകളിൽ സീറ്റുകൾ നേടിയ ജെഡിയുവിന് ഇക്കുറി വെറും 43 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. അതേസമയം നിതീഷിനെ പോലും ഞെട്ടിച്ചുള്ള പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്.

തിരക്കഥയ്ക്ക് അനുസരിച്ച്
74 സീറ്റുകൾ നേടി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബിജെപിക്ക് സാധിച്ചു. ബിജെപിയുടെ വിജയം നിതീഷിന് സർപ്രൈസ് ആണെങ്കിലും പക്ഷേ ബിഹാറിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം ബിജെപി ആദ്യമേ തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിതീഷിനെതിരെയാ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് തിരിച്ചറി ബിജെപി നിതീഷിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി വല്യേട്ടനാകണമെന്ന കണക്ക് കൂട്ടൽ തുടക്കം മുതൽ വെച്ച് പുലർത്തിയിരുന്നതായാണ്.

തിരക്കഥയുടെ ഭാഗം
ചിരാഗ് പസ്വാൻറെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ വിട്ടത് ഈ തിരക്കഥയുടെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. അത് മികച്ച രീതിയിൽ നടപ്പാവുകയും ചെയ്തു. ഒരു സീറ്റിൽമാത്രം എൽജെപി വിജയിച്ചപ്പോൾ ജെഡിയുവിന്റെ അന്ധകനാകാൻ ചിരാഗ് പസ്വാന്റെ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.120 ന് മുകളിൽ സീറ്റുകളിൽ എൽജെപി ജെഡിയുവിനെതിരെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.

ബിജെപിയുടെ പ്ലാൻ എന്ത്?
അതേസമയം തങ്ങളുടെ പ്ലാനുകൾ പോലെ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായവുകയും ജെഡിയുവിനെ ഒതുക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനിയെന്താകും ബിജെപിയുടെ പ്ലാൻ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.എൻഡിഎയുടെ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകുമെന്നാണ് ബിജെപി ഏറ്റവും ഒടുവിലായും പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ്
തിരഞ്ഞെടുപ്പിന് മുൻപേ തന്നെ മുഖ്യമന്ത്രിയായി നിതീഷിനെ തന്നെയാണ് ബിജെപി ഉയർത്തിക്കാട്ടിയത്. മികച്ച നേതാവിനെ എടുത്ത് കാണിക്കാൻ ചെറിയ ഇടവേളക്കുള്ളിൽ സാധിക്കില്ലെന്നത് കൊണ്ടും തിരഞ്ഞെടുപ്പിന് മുൻപ് നിതീഷിനെ തള്ളിയാലുള്ള വരും വരായ്കളെ കുറിച്ചുള്ള ആശങ്കകളുമാണ് ബിജെപിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് വേണം കണക്കാക്കൻ.

ബിജെപിയുടെ പ്ലാൻ
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യമാണ് നേതാക്കളിൽ ചിലർ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഇതിനോട് ജെഡിയു തയ്യാറാകില്ല.അതേസമയം ഇപ്പോൾ നിതീഷ് തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നാണ് ബിജെപി ദേശീയ നേതൃത്വം പറയുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്.

ബിജെപിയുടെ 'കീഴിൽ'
വിലപേശാൻ കഴിയാതത്ര ദുർബലനായി നിതീഷ് കുമാർ എത്രകാലം ബിജെപിയുടെ 'കീഴിൽ' മുഖ്യമന്ത്രിയാകും എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ പൗരത്വ വിഷയത്തിലും ജമ്മുകാഷ്മീർ വിഭജനത്തിലുമെല്ലാം ബിജെപി നിലപാടിനെതിരെ നിതീഷ് രംഗത്തെത്തിയിരുന്നു. ഇനി പക്ഷേ അത്തരം ഒരു പരസ്യ എതിർപ്പിനൊന്നും നിതീഷിന് മുന്നിൽ സാധ്യതകളില്ല.

കളിപ്പാവയായി തുടരാൻ
അതുകൊണ്ട് തന്നെ ബിജെപിയുടെ കളിപ്പാവയായി നിതീഷ് കുമാറിന് തുടരേണ്ടി വരും. എന്നാൽ നിതീഷ് അത്തരമൊരു അവഗണന സഹിച്ച് എൻഡിഎയിൽ തുടരാനുള്ള സാധ്യത ഇല്ല.അങ്ങനെയെങ്കിൽ നിതീഷ് മഹാസഖ്യത്തിന്റെ ഭാഗാമാകാൻ തയ്യാറാക്കേമെന്നുള്ള ചർച്ചകൾ ഉണ്ട്. അതേസമയം നിതീഷ് കളം മറിഞ്ഞാൽ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് അത് ഗുണകരമാണ്.

മറ്റൊരു നേതാവിനെ
സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ബിജെപി നീതീഷിനെ ഒഴിവാക്കി ബാക്കിയുള്ള ജെഡിയു നേതാക്കളെ ഒപ്പം നിർത്തി മറ്റൊരു ശക്തനായ നേതാവിനെ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കും. മാത്രമല്ല മഹാസഖ്യത്തിനൊപ്പം നിതീഷ് പോയാലും അവരെ അധികാരത്തിൽ വാഴിക്കാതിരിക്കാനുള്ള തന്ത്രങ്ങളും ഇന്ന് ബിജെപിയുടെ പക്കലുണ്ട്.

ബിജെപി ഉണ്ടാക്കിയ നേട്ടവും
വേണമെങ്കിൽ പ്രതിപക്ഷ എംഎൽഎമാരെ ചാടിക്കാനും ബിജെപിക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇനി നിതീഷ് എന്ത് തിരുമാനമെടുത്താലും അതിനെ വെല്ലാനുള്ള മറുപണികൾ ബിജെപി ക്യാമ്പിൽ റെഡിയാണ്. അതാണ് ബിഹാർ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഉണ്ടാക്കിയ നേട്ടവും.












Click it and Unblock the Notifications