മൂന്ന് തവണ കത്തു നല്‍കി; എന്നിട്ടും ബിജെപി ബി ടീം എന്ന് പരിഹാസം, വിമര്‍ശിച്ച് ഉവൈസി
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ബിജെപി വലിയ പദ്ധതിയാണ് ഒരുക്കുന്നത്. സംസ്ഥാനത്തിന് നിരവധി കേന്ദ്ര സഹായങ്ങളും ട്രെയിനുകളും അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്നാണ് ആര്‍ജെഡിയുടെ ആരോപണം. കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി ജെഡിയു-ബിജെപി സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ഇത്തവണ എന്തുവില കൊടുത്തും ഭരണം പിടിക്കണം എന്നാണ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്.
രാഹുല്‍ ഗാന്ധി നടത്തിയ സംസ്ഥാന വ്യാപക യാത്ര ബിഹാറില്‍ വലിയ ഇളക്കമുണ്ടാക്കിയിട്ടുണ്ട്. യാത്രയിലുടനീളം ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പമുണ്ടായിരുന്നു. നിരവധി ചെറുകക്ഷികളും മല്‍സര രംഗത്തുള്ള സംസ്ഥാനമാണ് ബിഹാര്‍. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി 2020ല്‍ അഞ്ച് സീറ്റ് നേടിയിരുന്നു.

ഉവൈസിയുടെ നിലപാട് ബിജെപിയെ മാത്രമേ സഹായിക്കൂ എന്നാണ് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇന്ത്യ സഖ്യത്തില്‍ ചേരാന്‍ തയ്യാറാണ് എന്നാണ് ഉവൈസി പറയുന്നത്. മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കേണ്ടതില്ല എന്നാണ് ആര്‍ജെഡി നേതൃത്വം ഉവൈസിയുടെ പാര്‍ട്ടിയിലെ ബിഹാറിലെ നേതാക്കളെ അറിയിച്ചതത്രെ.
മൂന്ന് തവണ കത്തു നല്‍കി
ഇന്ത്യ സഖ്യത്തില്‍ മജ്‌ലിസ് പാര്‍ട്ടിയെ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ ആര്‍ജെഡിക്ക് കത്ത് നല്‍കി എന്ന് ഉവൈസി എന്‍ഡിടിവിയോട് പറഞ്ഞു. ലാലു പ്രസാദ് യാദവിന് രണ്ട് കത്തും തേജസ്വിക്ക് ഒരു കത്തും. ഒന്നിനും മറുപടി ലഭിച്ചില്ല. ആറ് സീറ്റ് മാത്രം തന്നാല്‍ മതി എന്ന നിബന്ധനയാണ് തങ്ങള്‍ മുന്നോട്ടുവച്ചതെന്നും ഉവൈസി പറഞ്ഞു.
അധികാരം ലഭിക്കുകയാണെങ്കില്‍ മന്ത്രി പദവി മജ്‌ലിസ് പാര്‍ട്ടിക്ക് വേണ്ട. സീമാഞ്ചല്‍ വികസന ബോര്‍ഡ് രൂപീകരിക്കുക മാത്രം ചെയ്താല്‍ മതി. ഇതിനപ്പുറം എന്ത് വിട്ടുവീഴ്ച ചെയ്യാനാണ് തങ്ങള്‍ക്ക് കഴിയുക എന്നും ഉവൈസി ചോദിക്കുന്നു. 2020ല്‍ സീമാഞ്ചല്‍ മേഖലയിലാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിച്ചത്. അഞ്ച് സീറ്റില്‍ ജയിച്ചു. എന്നാല്‍ പിന്നീട് നാല് എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക് കൂറുമാറി.
സഖ്യത്തിലെടുക്കാന്‍ ബാന്‍ഡ് മേളം
ശിവസേന എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഇവര്‍ വലിയ ബഹളമുണ്ടാക്കും. മജ്‌ലിസ് പാര്‍ട്ടിയുടെ നാല് എംഎല്‍എമാരെയാണ് ആര്‍ജെഡി കളംമാറ്റിയത്. എന്നിട്ടും തങ്ങളെ ബിജെപിയുടെ ബി ടീം എന്നാണ് വിമര്‍ശിക്കുന്നത് എന്നും ഉവൈസി പറഞ്ഞു. കഴിഞ്ഞാഴ്ച ലാലു പ്രസാദ് യാദവിന്റെ വീടിന് മുന്നില്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു മജ്‌ലിസ് പാര്‍ട്ടി. സഖ്യത്തില്‍ ചേര്‍ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്.
ഇന്ത്യ സഖ്യത്തില്‍ ചേരാന്‍ പലവിധ മാര്‍ഗങ്ങളാണ് മജ്‌ലിസ് പാര്‍ട്ടി സ്വീകരിക്കുന്നത്. ആര്‍ജെഡി എംഎല്‍എമാര്‍ മുഖേന സന്ദേശം കൈമാറിയിട്ടുണ്ട്. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കേണ്ട എന്നാണ് ആര്‍ജെഡി നേതൃത്വം അറിയിച്ചത് എന്ന് മജ്‌ലിസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അക്തറുല്‍ ഈമാന്‍ പറയുന്നു. തങ്ങളുടെ പാര്‍ട്ടിയെ പിളര്‍ത്തിയവരാണ് ആര്‍ജെഡി. എന്നിട്ടും അവരുമായി സഖ്യത്തിന് തങ്ങള്‍ തയ്യാറാണ്. പക്ഷേ, ആര്‍ജെഡി മുഖം തിരിക്കുകയാണെന്നും ഈമാന്‍ പറഞ്ഞു.












Click it and Unblock the Notifications