ബിഹാറില്‍ തലവേദന തീര്‍ക്കാന്‍ രാഹുല്‍ ഗാന്ധി; ലാലു പ്രസാദ് യാദവിനെ വിളിച്ചു, സമയം തീരുന്നു
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പത്രികാ സമര്‍പ്പണ തിയ്യതി തീരാറായിട്ടും സമവായത്തിലെത്താതെ മഹാസഖ്യം. പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ ലാലു പ്രസാദ് യാദവിനെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഫോണില്‍ വിളിച്ചു. ഇനി എന്താണ് സംഭവിക്കുക എന്നാണ് രാഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്നത്.
സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും ചില സീറ്റുകള്‍ വീതംവയ്ക്കുന്നതില്‍ തര്‍ക്കം തുടരുന്നുണ്ടത്രെ. 2020ല്‍ കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ 60 സീറ്റുകളെങ്കിലും വേണം എന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. എന്നാല്‍ 52 തരാം എന്നാണ് ആര്‍ജെഡി പറയുന്നത്. ഇതോടെയാണ് ദേശീയ നേതാക്കള്‍ ഇടപെട്ടിരിക്കുന്നത്.

വൈകിട്ടോടെ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം പുറത്തുവരുമെന്ന് സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. അതേസമയം, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ബുധനാഴ്ച രാഘോപൂരില്‍ പത്രിക നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് 17 സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. അജയ്മാക്കന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി 51 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ അംഗീകരിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ആര്‍ജെഡിയിലും സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാണ്. സീറ്റുമോഹികള്‍ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. വിവിധ സീറ്റുകള്‍ക്കായുള്ള നേതാക്കളുടെ സമ്മര്‍ദം ശക്തമായതോടെ തീരുമാനം തേജസ്വി യാദവിന് വിട്ടിരിക്കുകയാണ്. 2020ല്‍ 70 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. 144 സീറ്റില്‍ മല്‍സരിച്ച ആര്‍ജെഡി 75 സീറ്റില്‍ ജയിച്ചിരുന്നു.
ബിജെപിയില്‍ നടക്കുന്നത്
തര്‍ക്കങ്ങള്‍ക്കിടയിലും എന്‍ഡിഎയില്‍ ബിജെപി, ജെഡിയു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുപാര്‍ട്ടികളും 101 വീതം സീറ്റുകളിലേക്കാണ് മല്‍സരിക്കുന്നത്. സഖ്യ കക്ഷികളായ ചിരാഗ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, രാഷ്ട്രീയ ലോക് മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചതത്വം തുടരുകയാണ്.
മുതിര്‍ന്ന നേതാക്കളടക്കമുള്ളവരെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ബിജെപിയില്‍ പ്രതിഷേധം ശക്തമാണ്. സ്പീക്കര്‍ നന്ദകിഷേര്‍ യാദവിനും ധന്‍പൂരില്‍ നേരത്തെ മത്സരിച്ച രാം കൃപാല്‍ യാദവിനും സീറ്റ് നല്‍കാത്തത്തില്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. നന്ദകിഷോര്‍ യാദവിന് പകരം പട്ന സാഹിബില്‍ രത്നേഷ് കുഷ്വാഹയ്ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. നന്ദകിഷോര്‍ യാദവിന്റെ അനുയായികള്‍ പട്ന സാഹിബില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം ജെഡിയുവിലും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി അവഗണിച്ചതില്‍ പ്രതിഷേധിച്ച് എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ബഗല്‍പൂര്‍ എംപി അജയ് കുമാര്‍ മണ്ഡല്‍ ഭീഷണി മുഴക്കി. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തു നല്‍കി. അജയ്കുമാറുമായി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വൈകാതെ ഉചിതമായ തീരുമാനം പ്രഖ്യാപിക്കുമെന്ന് അജയ്കുമാര്‍ മണ്ഡല്‍ പറഞ്ഞു.












Click it and Unblock the Notifications