ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി, എഎപിക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ വന്‍ തിരിച്ചടി. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ ബിജെഡി അറിയിച്ചു. ഇതോടെ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്താലും എളുപ്പത്തില്‍ രാജ്യസഭ കടക്കും. അത് മാത്രമല്ല പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെയും ബിജെഡി എതിര്‍ക്കുമെന്നാണ് സൂചന.
ഇന്ത്യ സഖ്യത്തിനും കൂടിയുള്ള തിരിച്ചടിയാണിത്. രാജ്യസഭയില്‍ 9 എംപിമാര്‍ ബിജു ജനതാദളിനുണ്ട്. ഇതോടെ രാജ്യസഭയില്‍ പകുതിയില്‍ അധികം വോട്ടുകള്‍ കേന്ദ്രത്തിന് ലഭിക്കും. രാജ്യസയില്‍ ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.അതേസമയം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ തന്നെ ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കേന്ദ്രത്തിന് പിന്തുണ അറിയിച്ചതാണ്.

രാജ്യസഭയില്‍ 9 എംപിമാരാണ് അവര്‍ക്കുള്ളത്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 120 സീറ്റാണ്. എല്ലാ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ രാജ്യസഭയുടെ അംഗബലം 245 ആയിരിക്കും. എന്നാല്‍ ഇതില്‍ 7 ഒഴിവുകളുണ്ട്. അതുകൊണ്ട് 238 ആയി അംഗബലം കുറയും. ബിജെപിക്കും, എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ക്കുമായി 103 സീറ്റുകളാണ് ഉള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് പേരും, ഒരു സ്വതന്ത്രനും എന്‍ഡിഎയെ തന്നെ പിന്തുണയ്ക്കുമെന്ന ഉറപ്പിലാണ് കേന്ദ്രം.
ബിജെഡി, വൈഎസ്ആര്‍സിപി, എന്നിവരുടെ പിന്തുണയോടെ 127 പേരായി കേന്ദ്രത്തിന്റെ അംഗബലം ഉയരും. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, എന്നിവര്‍ക്ക് ഓരോ എംപിമാര്‍ രാജ്യസഭയിലുണ്ട്. ഇവരും പിന്തുണയ്ക്കാനാണ് സാധ്യത. ഇന്ത്യ പ്രതിപക്ഷ സഖ്യത്തില്‍ 109 എംപിമാരാണ് ഉള്ളത്. സ്വതന്ത്രനായ കപില്‍ സിബലിനെ പോലുള്ളവര്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കാനാണ് സാധ്യത.
ഇന്ത്യ സഖ്യത്തിലെ 26 പാര്‍ട്ടികളില്‍ 18 പേര്‍ക്ക് രാജ്യസഭയില്‍ എംപിമാരുണ്ട്. കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് വോട്ട് ചെയ്യും. ഏഴ് എംപിമാരാണ് അവര്‍ക്കുള്ളത്. വോട്ടെടുപ്പിന്റെ ദിവസം സഭയിലുണ്ടാവണമെന്നും, ഓര്‍ഡിന്‍സിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ഓര്‍ഡിനന്‍സ്. ഇതിനെതിരെ വ്യാപക പ്രചാരണം അരവിന്ദ് കെജ്രിവാള്‍ നടത്തിയിരുന്നു. നേരത്തെ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റാനും, നിയമിക്കാനുമുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെ മറികടക്കാന്‍ വേണ്ടിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.












Click it and Unblock the Notifications