ബില്‍ക്കീസ് ബാനു കേസ്; പുതിയ ബെഞ്ച് രൂപീകരിക്കും, വാദം ഉടന്‍ തുടങ്ങുമെന്ന് സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ ബില്‍ക്കീസിന് ഉറപ്പ് നല്‍കിയത്

ന്യൂഡല്‍ഹി: തന്നെ കൂട്ട ബലാല്‍സംഗം ചെയ്ത 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കും. ഇതിന് വേണ്ടി പ്രത്യേക ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ചാണ് വാദം കേള്‍ക്കുക എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെപി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ബില്‍ക്കീസ് ബാനുവിന് ഇക്കര്യത്തില്‍ ഉറപ്പ് നല്‍കിയത്.
മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത വഴിയാണ് ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും അടുത്ത തിയ്യതിയില്‍ തന്നെ ഹര്‍ജി പരിഗണിക്കാന്‍ ബെഞ്ച് രൂപീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.
ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം ഗൗരവമുള്ളതാണ്. അടിയന്തരമായി വാദം കേള്‍ക്കണം. ഇതിന് വേണ്ടി പ്രത്യേക ഡിവിഷന്‍ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിക്കണം. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയിരുന്നുവെന്നും ശോഭ ഗുപ്ത ബോധിപ്പിച്ചു. ഞാന്‍ എത്രയും വേഗം നടപടിയെടുക്കാമെന്നും ഉടന്‍ തന്നെ ഹര്‍ജി ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയിലില്‍ നിന്ന് വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 2002ലാണ് ഗുജറാത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട കലാപം നടന്നത്. ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാല്‍സംഗം ചെയ്ത പ്രതികള്‍ കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തു. ബോധരഹിതയായ ബില്‍ക്കീസ് മരിച്ചുവെന്ന് കരുതി അക്രമികള്‍ പോകുകയായിരുന്നു. ബോധം വീണ ശേഷം ഷാ ആലം ക്യാമ്പിലെത്തിയ ബില്‍ക്കീസ് സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണയോടെ നിയമ പോരാട്ടം തുടങ്ങി.
ഗുജറാത്തില്‍ വിചാരണ നടത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ബില്‍ക്കീസിന് ഭയമുണ്ടായിരുന്നു. അവരുടെ അപേക്ഷ പ്രകാരം വിചാരണ മുംബൈയിലാണ് നടന്നത്. പ്രതികള്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ശിക്ഷാ കാലയളവില്‍ പ്രതികള്‍ക്ക് പലപ്പോഴും പരോള്‍ അനുവദിച്ചു. മോചനം തേടി പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാരിനോട് വിഷയം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. എല്ലാവരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും വിട്ടയക്കുകയും ചെയ്തു. ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതികള്‍ക്ക് വിഎച്ച്പി സ്വീകരണം നല്‍കിയിരുന്നു.
സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലോള്‍, ലഖ്‌നൗ സര്‍വകലാശാല മുന്‍ വിസി രൂപ് രേഖ വര്‍മ, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര തുടങ്ങി നിരവധി പ്രമുഖരാണ് പ്രതികളെ നേരത്തെ വിട്ടയച്ചതിനെതിരെ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications