ബിൽകിസ് ബാനു കേസ്; 11 പ്രതികളും വീണ്ടും ജയിലിലേക്ക്.. ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി
ഡൽഹി: ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടേയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയായ സ്ത്രീയുടെ നീതിയും അവകാശവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനുവും സിപിഎം, തൃണമൂൽ നേതാക്കൾ അടക്കമുള്ളവും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി പറഞ്ഞു. ബിൽക്കിസ് ബാനുവിന്റെ ഹർജി നിലനിൽക്കുമെന്ന് പറഞ്ഞ കോടതി ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബിവി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.

2022 ആഗസ്റ്റ് 15 നായിരുന്നു 11 പ്രതികളേയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. പ്രതികളിൽ ഒരാളായ രാധേ ശ്യാം ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിൽ ഗോദ്രാ കളക്ടർ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും സമിതിയുടെ ശുപാർശ പ്രകാരം പ്രതികളെ ജയിൽ മോചിപ്പിക്കുകയുമായിരുന്നു.
2002 ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു 5 മാസം ഗർഭിണിയായ ബിൽകിസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കൊലപ്പെടുത്തുകയും ചെയ്തത്. മരിച്ചെന്ന് കരുതി പ്രതികൾ ബിൽകിസ് ബാനുവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികൾക്ക് കേസിൽ ശിക്ഷ ലഭിച്ചത്.
2008ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതി ഈ വിധി ശരിവെക്കുകയായിരുന്നു. 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് പ്രതികളെ മോചിപ്പിച്ചതും.
എന്നാൽ ശിക്ഷാ ഇളവ് നൽകുന്നത് തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികൾ ഇളവ് അർഹിക്കുന്നില്ലെന്നും കാണിച്ച് ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി ജഡ്ജിയുടേയോ സിബിഐ കേസ് ആയതിനാൽ കേന്ദ്രസർക്കാരിന്റേയോ അനുമതി തേടാതെയാണ് പ്രതികളെ വിട്ടയച്ചതെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications