ഗോവയില്‍ ബിജെപിയുടെ നോട്ടം ആ 8 സീറ്റില്‍, കിംഗ് മേക്കറാവാന്‍ സല്‍സറ്റ, ആധിപത്യം കോണ്‍ഗ്രസിന്
പനാജി: ബിജെപി ഗോവയില്‍ ഇത്തവണ വലിയ പ്രതീക്ഷയില്‍ അല്ല. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരം വോട്ടുബാങ്കില്‍ ഇത്തവണ ചോര്‍ച്ചയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ചെറുപാര്‍ട്ടികള്‍ ഇത്തവണ കോണ്‍ഗ്രസിന്റെ വഴി മുടക്കുമെന്നും അതിലൂടെ അധികാരം പിടിക്കാമെന്നുമാണ് ബിജെപി കരുതുന്നത്.
ഇതുവരെ വിജയിക്കാത്ത മേഖലയിലാണ് ഇത്തവണ കൂടുതലായി ബിജെപി ഫോക്കസ് ചെയ്യുന്നത്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ വോട്ടുകളെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. സുപ്രധാനപ്പെട്ട എട്ട് സീറ്റുകളില്‍ ശക്തരായ നേതാക്കളെ തന്നെ ഇറക്കിയിട്ടുണ്ട് ബിജെപി. എന്നാല്‍ ട്രെന്‍ഡ് ഒട്ടും അനുകൂലമല്ല.

ഗോവ പിടിച്ചാല്‍ നിരവധി കാര്യങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും. മറ്റ് സംസ്ഥാനങ്ങളില്‍ കൂടി അതിനെ സ്വാധീനിക്കാന്‍ ബിജെപിക്ക് സാധിക്കും. പ്രത്യേകിച്ച് കര്‍ണാടകത്തില്‍ ക്രിസ്ത്യന്‍ വിഭാഗം ഇടഞ്ഞ് നില്‍ക്കുകയാണ്. ഗോവയില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെ നിര്‍ത്തേണ്ടത് ബിജെപിയുടെ ദക്ഷിണേന്ത്യന്‍ തന്ത്രത്തിന്റെ തന്റെ ഭാഗമാണ്. പക്ഷേ കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. പ്രത്യേകിച്ച് തൊഴിലില്ലായ്മയും, ഖനന നിരോധനവും അടക്കം വലിയ പ്രശ്‌നങ്ങള്‍ ഗോവയിലുണ്ട്. ഇതെല്ലാം സംഭവിച്ചത് ബിജെപിയുടെ കാലത്താണ്. അതുകൊണ്ടാണ് ചെറുപാര്‍ട്ടികളുടെ സഹായം ബിജെപി തേടുന്നത്. എന്നാല്‍ ചെറുപാര്‍ട്ടികള്‍ ഗോവയില്‍ സ്വാധീനമുണ്ടാക്കുമെന്ന് കരുതാനാവില്ല.

ബിജെപിയുടെ ഏറ്റവും വലിയ ആശങ്ക സല്‍സെറ്റെ താലൂക്കാണ്. ഇവിടെ എട്ട് മണ്ഡലങ്ങളാണ് ഉള്ളത്. കാത്തോലിക് വോട്ടുകള്‍ ധാരാളമുള്ള പ്രദേശമാണിത്. എന്നാല്‍ ഒരിക്കല്‍ പോലും ഇവര്‍ ബിജെപിയെ വിജയിപ്പിച്ചിട്ടില്ല. ബിജെപി ഈ മേഖലയില്‍ പ്രിയപ്പെട്ട പാര്‍ട്ടിയുമല്ല. ഈ എട്ട് മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിരം പോക്കറ്റുകളില്‍ നിന്ന് നഷ്ടമാകുന്ന വോട്ടുകള്‍ സല്‍സെറ്റയില്‍ നിന്ന് നേടാനാണ് ബിജെപിയുടെ ടാര്‍ഗറ്റ്. ഈ എട്ട് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മത്സരിക്കുന്നത്. ഇത് ജാതിസമവാക്യം കൃത്യമായി കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.

എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം ഉള്ളത് കൊണ്ട് ഇത്തവണ ധ്രുവീകരണം നടക്കുമെന്ന് ബിജെപി കരുതുന്നു. ഈ എട്ടെണ്ണത്തില്‍ രണ്ടോ മൂന്നോ സീറ്റുകള്‍ ഇത്തവണ നേടാനാവുമെന്നാണ് വിലയിരുത്തല്‍. ബിജെപി ഈ എട്ട് മണ്ഡലങ്ങളിലുള്ള ഏറ്റവും വലിയ നേട്ടം ഇവിടെ മുമ്പ് നേട്ടമുണ്ടാക്കിയിട്ടില്ല എന്നതാണ്. ഏറ്റവും ശക്തമായി തന്നെ ആരോപണങ്ങളൊന്നും നേരിടാതെ ബിജെപിക്ക് പ്രചാരണം നടത്താം. അതേസമയം ഇവിടെ ചെറുപാര്‍ട്ടികളേക്കാള്‍ എത്രയോ ശക്തമായ നിലയിലാണ് ബിജെപിയുള്ളത്. ഈ മണ്ഡലങ്ങളിലെല്ലാം 85 ശതമാനത്തോളം കത്തോലിക്കരാണ് ഉള്ളത്. ക്രിസ്ത്യന്‍ വിഭാഗത്തെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ വളരെയധികം പ്രചാരണത്തില്‍ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.

ബിജപിയുടെ ഏറ്റവും വലിയ പ്രശ്‌നം മറ്റ് സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ നടക്കുന്ന അക്രമങ്ങളാണ്. ഇതിന് ബിജെപി പിന്തുണയുണ്ടെന്ന് ക്രിസ്ത്യന്‍ വിഭാഗം കരുതുന്നുണ്ട്. ഇത് ശക്തമായി ഉയര്‍ന്നാല്‍ ഇവിടെ ബിജെപി വട്ടപൂജ്യമാകും. സല്‍സറ്റയില്‍ ബിജെപിയുടെ മികച്ച പ്രകടനം 2002ലാണ്. ഇരുപത് വര്‍ഷം മുമ്പ് 2 സീറ്റ് ബിജെപി നേടിയിരുന്നു. ഇത്തവണ അത്രയും സീറ്റ് നേടാനാവുമോ എന്ന് ഉറപ്പില്ല. ചതുഷ്‌കോണ പോരാട്ടം നടക്കുന്നത് കൊണ്ട് മാത്രം രണ്ട് സീറ്റാണ് സല്‍സറ്റയില്‍ നിന്ന് ബിജെപി പ്രതീക്ഷിക്കുന്നത്. നവേലിം, കര്‍ട്ടോറിം, ബെനോലിം, നുവെം, വെലിം, മാര്‍ഗാവ്, കന്‍കോലിം, ഫത്തോര്‍ദ എന്നിവയാണ് സല്‍സറ്റയിലെ താലൂക്ക്. ഗോവയിലെ ഏറ്റവും ശക്തമായ താലൂക്ക് കൂടിയാണിത്.
Recommended Video

കാലങ്ങളായി സല്‍സറ്റ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മേഖലയാണ്. പാര്‍ട്ടിയേക്കാള്‍ ഉപരി സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഇവിടെ പ്രാധാന്യം. ഇവിടെ ജനപ്രീതിയിലുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ടിക്കറ്റിലോ ഇനി സ്വതന്ത്രരായി മത്സരിച്ചാലോ ജയം ഉറപ്പാണ്. അത് മണ്ഡലത്തില്‍ ആഴത്തില്‍ വേരോട്ടമുള്ളത് കൊണ്ടാണ്. അലക്‌സോ റെജിനാള്‍ഡോ ലോറന്‍സോ മൂന്ന് തവണയാണ് കര്‍ട്ടോറിമില്‍ നിന്ന് ജയിച്ചത്. പ്രാദേശിക പാര്‍ട്ടിയായ സേവ് ഗോവ ഫ്രണ്ടിന് വേണ്ടിയായിരുന്നു ആദ്യമായി മത്സരിച്ച് ജയിച്ചത്. പിന്നീടുള്ള രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. പിന്നീട് തൃണമൂലില്‍ ചേര്‍ന്നെങ്കിലും പാര്‍ട്ടി വിട്ടു. ഇപ്പോള്‍ സ്വതന്ത്രനായി അദ്ദേഹം മത്സരിക്കുന്നുണ്ട്. ഇത്തവണ ജയിക്കാന്‍ സാധ്യതയുള്ള നേതാവാണ് അദ്ദേഹം.

മറ്റൊരു പ്രമുഖ നേതാവ് ഫിലിപ്പി നെരി റോഡ്രിഗസ്. കഴിഞ്ഞ അഞ്ചില്‍ നാല് തിരഞ്ഞെടുപ്പുകളും റോഡിഗ്രസ് വെലിം മണ്ഡലത്തില്‍ നിന്ന് വിജയിച്ചതാണ്. മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു. ഒരിക്കല്‍ സ്വതന്ത്രനായിരുന്നു. 2019ല്‍ റോഡിഗ്രസ് അടക്കമുള്ള പത്ത് എംഎല്‍എമാരാണ് ബിജെപിയിലേക്ക് കൂറുമാറിയത്. റോഡിഗ്രസ് മന്ത്രിയാവുകയും ചെയ്തു. ഈ വര്‍ഷം തന്നെ അദ്ദേഹം രാജിവെച്ചിരുന്നു. ഇത്തവണ വെലിമില്‍ നിന്ന് എന്‍സിപി ടിക്കറ്റിലാണ് റോഡിഗ്രസ് മത്സരിക്കുന്നത്. സല്‍സറ്റയിലെ എട്ട് സിറ്റിംഗ് എംഎല്‍എമാരില്‍ അഞ്ച് പേര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടതാണ്. സല്‍സറ്റയിലെ എട്ട് സീറ്റ് പലപ്പോഴും ഗോവയിലെ കിംഗ്മേക്കറാവാറാണ് പതിവ്.

2017ല്‍ ബിജെപിയാണ് സര്‍ക്കാരുണ്ടാക്കിയത്. അതിന് ബിജെപിയെ സഹായിച്ചത് സല്‍സറ്റയാണ്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് സര്‍ക്കാരുണ്ടാക്കുന്നത്. ജിഎഫ്പിയുടെ നേതാവ് വിജയ് സര്‍ദേശായ് സല്‍സറ്റയിലെ ഫത്തോര്‍ദ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഇതേ പാര്‍ട്ടിയിലെ ചര്‍ച്ചില്‍ അലമാവോ സല്‍സറ്റയിലെ ബെനോലിമില്‍ നിന്നുള്ള എംഎല്‍എയാണ്. കഴിഞ്ഞ തവണ അലമാവോ എന്‍സിപിക്കൊപ്പമായിരുന്നു. അതേസമയം സര്‍ദേശായ് ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് കഴിഞ്ഞു. ഇത്തവണ ബിജെപിക്കെതിരെയാണ് അദ്ദേഹത്തിന്റെ മത്സരം അലമാവോ ഇത്തവണ തൃണമൂലിനൊപ്പമാണ്.

2017ല്‍ സല്‍സറ്റയില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപി നേടിയിരുന്നില്ല. ഇത്തവണ പക്ഷേ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആത്മവിശ്വാസത്തിലാണ്. മൂന്ന് സീറ്റുകള്‍ വരെ നേടുമെന്നാണ് അദ്ദേഹം പറയുന്നത്. മാര്‍ഗാവ് 1994, 1999, 2002 വര്‍ഷങ്ങളില്‍ നേടിയിരുന്നു. എന്നാല്‍ ആ സമയത്ത് ദിഗംബര്‍ കാമത്ത് ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് മാറിയ കാമത്തിനെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കി. അതോടെ മാര്‍ഗാവ് സീറ്റും കോണ്‍ഗ്രസിലേക്ക് പോയി. നേരത്തെ ഫത്തോര്‍ദ സീറ്റും ബിജെപി രണ്ട് തവണ വിജയിച്ചതാണ്. 2002, 2007 വര്‍ഷങ്ങളില്‍ ദാമു നായിക്കാണ് മണ്ഡലം പിടിച്ചത്. കന്‍കോലിം 2012ലും ബിജെപി വിജയിച്ചിരുന്നു. നേരത്തെ മനോഹര്‍ പരീക്കര്‍ ഇവിടെ സ്വതന്ത്രരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിലൂടെ സര്‍ക്കാരിന് പിന്തുണ തേടുകയായിരുന്നു ലക്ഷ്യം.












Click it and Unblock the Notifications