പ്രിയങ്കാ ഗാന്ധി ചവിട്ടി, കൈ പിരിച്ചു... രാഹുല്‍ ഗാന്ധി ഷര്‍ട്ട് കീറാന്‍ ശ്രമിച്ചു... ആരോപണങ്ങളുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വ്യത്യസ്തമായ പ്രതിഷേധത്തിനാണ് വെള്ളിയാഴ്ച ഡല്‍ഹി നഗരം സാക്ഷ്യം വഹിച്ചത്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ ആയിരുന്നു സമരം. അവശ്യവസ്തുക്കളുടെ ജിഎസ്ടി വര്‍ധനവും പ്രതിഷേധക്കാര്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ചതോടെ സമരം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായി.
പ്രിയങ്കാ ഗാന്ധിയെ വലിച്ചുകൊണ്ടുപോകുകയായിരുന്നു പോലീസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് ബലം പ്രയോഗിക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ വേളയില്‍ നടന്ന സംഭവങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കുമെതിരെയാണ് ആരോപണങ്ങള്‍...

ചലോ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചും പ്രധാനമന്ത്രിയുടെ വസതി ഉപരോധവുമായിരുന്നു കോണ്‍ഗ്രസിന്റെ സമരം. എന്നാല്‍ വിജയ് ചൗക്കില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. ഇതോടെ സമരക്കാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചിരുന്നു. മണിക്കൂറുകള്‍കള്‍ക്ക് ശേഷം നേതാക്കളെ പോലീസ് വിട്ടയച്ചു.

കോണ്‍ഗ്രസ് സമരത്തില്‍ വേറിട്ട പ്രതികരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിന് വിരുദ്ധമായ സമരമാണ് കോണ്‍ഗ്രസ് നടത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ സമരവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും തമ്മില്‍ എന്ത് ബന്ധം എന്നാണ് ആദ്യം പലരും ചോദിച്ചത്. എന്നാല്‍ അമിത് ഷാ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. ഇതിന്റെ വാര്‍ഷിക ദിനം കറുപ്പ് വസ്ത്രം ധരിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് എന്തിനാണ് എന്ന ചോദ്യമാണ് അമിത് ഷാ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഈ ദിവസം നടത്തിയ സമരം ഗൂഢ ഉദ്ദേശത്തോടെയാണെന്ന് അദ്ദേഹം പറയുന്നു.

ദുഷിച്ച മനസുകള്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാനാകൂ എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇതിന് നല്‍കിയ മറുപടി. കോണ്‍ഗ്രസിന്റെ സമരത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും രാമരാജ്യത്തിന്റെ ഭാവനയ്ക്ക് എതിരാണിതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം വെറും രാഷ്ട്രീയമായിരുന്നോ എന്ന ചോദ്യമാണ് ബിജെപി ഇപ്പോള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ് ഹൂഡയുടെ ഷര്‍ട്ടില്‍ രാഹുല്‍ ഗാന്ധി മുറുകെ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഹൂഡയെ പിന്നീട് പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. ഹൂഡയുടെ ഷര്‍ട്ടില്‍ രാഹുല്‍ പിടിച്ച ചിത്രം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

സഹപ്രവര്‍ത്തകന്റെ ഷര്‍ട്ട് കീറാനാണ് രാഹുല്‍ ഗാന്ധി നോക്കിയത് എന്ന് അമിത് മാളവ്യ ആരോപിക്കുന്നു. മാത്രമല്ല, സമരത്തിനിടെ പ്രിയങ്ക ഗാന്ധി വനിതാ പോലീസുകാരെ കൈ പിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റു ചിലതാണെന്ന് അമിത് മാളവ്യ സൂചിപ്പിക്കുകയും ചെയ്യുന്നു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ 300ലധികം കോണ്‍ഗ്രസ് നേതാക്കളെയാണ് ഡല്‍ഹി പോലീസ് സമരത്തിനിടെ കസ്റ്റഡിയിലെടുത്തത്. ആറ് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. ചില എംപിമാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനാണ് അവരുടെ ശ്രമമെങ്കില്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തു.












Click it and Unblock the Notifications