ഹിന്ദുത്വസംഘടനകള്‍ എതിര്‍ത്തു; മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്
ഡെറാഡൂണ്‍: മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബി ജെ പി നേതാവ്. ഉത്തരാഖണ്ഡിലെ ബി ജെ പി നേതാവും പൗരി മുനിസിപ്പല്‍ ചെയര്‍മാനുമായ യശ്പാല്‍ ബനം ആണ് മകളുടെ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. നേരത്തെ യശ്പാല്‍ ബനം തന്റെ മകളെ ഒരു മുസ്ലീം യുവാവിന് വിവാഹം കഴിച്ച് കൊടുക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. മേയ് 28 ന് നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ ക്ഷണക്കത്തും പുറത്ത് വിട്ടിരുന്നു.
ഇത് വൈറലായതോടെ ഹിന്ദുത്വസംഘടനകളില്‍ നിന്ന് കനത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് യശ്പാല്‍ ബനം വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഉത്തരാഖണ്ഡിലെ മുന്‍ എം എല്‍ എ കൂടിയാണ് യശ്പാല്‍ ബനം. വിവാഹ ക്ഷണക്കത്ത് വൈറലായതോടെ തന്നെ ചെറിയ രീതിയില്‍ യശ്പാല്‍ ബനിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തന്റെ കുടുംബകാര്യമാണ് എന്നായിരുന്നു യശ്പാല്‍ ബനത്തിന്റെ മറുപടി.

തന്റെ മകളുടെ സന്തോഷത്തിനായി ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു കൊടുക്കാന്‍ തീരിുമാനിച്ചു എന്നായിരുന്നു യശ്പാല്‍ ബനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇതിനിടെ വിശ്വഹിന്ദു പരിഷത്ത്, ഭൈരവ് സേന, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദു സംഘടനകളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് യശ്പാല്‍ ബനിന് നേരിടേണ്ടി വന്നു. ഇതോടെ മതപരമായ എതിര്‍പ്പിനെ തുടര്‍ന്ന് മകളുടെ വിവാഹം വേണ്ടെന്ന് വെക്കുകയാണ് എന്ന് യശ്പാല്‍ ബന്‍ പറഞ്ഞു.
പൊതുജനങ്ങളുടെ ശബ്ദം കൂടി ഇക്കാര്യത്തില്‍ തനിക്ക് കേള്‍ക്കേണ്ടിവരുന്നു എന്നാണ് യശ്പാല്‍ ബെനം പറഞ്ഞത്. മകളെ മുസ്‌ലിം യുവാവിനു വിവാഹം കഴിച്ചു നല്‍കാനുള്ള യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നത് എന്നായിരുന്നു ഹിന്ദു സംഘടനകള്‍ ആരോപിച്ചത്. ഇതിനിടെ ഒരു വിഭാഗം ആള്‍ക്കാര്‍ 'ലവ് ജിഹാദ്' ആരോപണം ഉയര്‍ത്തിയും രംഗത്തെത്തി.
ദി കേരള സ്റ്റോറി സിനിമയെ താരതമ്യം ചെയ്തടക്കം വിവാദം വന്നതോടെയാണ് യശ്പാല്‍ ബനം വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഹിന്ദു സംഘടനകള്‍ യശ്പാലിന്റെ കോലം കത്തിച്ച് അടക്കം പ്രതിഷേധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും യശ്പാലിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ദി കേരള സ്‌റ്റോറി പോലെയുള്ള സിനിമകള്‍ക്ക് നികുതിയിളവു വരെ നല്‍കി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇതിനിടെ ആണ് ബി ജെ പി നേതാവ് തന്റെ മകളെ മുസ്‌ലിം യുവാവിനു വിവാഹം ചെയ്തു നല്‍കുന്നത് എന്നും ഇത് ആ നേതാവിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്എന്നുമായിരുന്നു ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ നീക്കം ബി ജെ പി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും എന്നും ഇയാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications