കെജ്രിവാളിനെ മൂന്നാമതും പൂട്ടണം, ഡല്‍ഹി തൂത്തുവാരാന്‍ ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും ഡല്‍ഹിയില്‍ പൂട്ടാന്‍ പ്ലാനുമായി ബിജെപി. ഇത്തവണ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ടാവും. യുവാക്കള്‍, അതുപോലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ എന്നിവരിലാണ് ബിജെപി ഫോക്കസ് ചെയ്യുന്നത്. കേന്ദ്ര മന്ത്രി തന്നെ പ്രചാരണത്തിന് ഇറങ്ങുക മാത്രമല്ല, സ്ഥാനാര്‍ത്ഥിയായും മന്ത്രിമാര്‍എത്തിയേക്കും.
ഡല്‍ഹിയില്‍ ഏഴ് സീറ്റുകളാണ് ഉള്ളത്. ആരൊക്കെ സ്ഥാനാര്‍ത്ഥികളാവണമെന്ന കാര്യത്തില്‍ ഗ്രൗണ്ട് സര്‍വേയും ബിജെപി നടത്തുന്നുണ്ട്. ജയസാധ്യത മാത്രമാണ് പരിഗണിക്കുന്നത്. എംപിമാര്‍ക്ക് ജയസാധ്യതയില്ലെങ്കില്‍ ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. 2022ലെ എംസിഡി തെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കും.

അതേസമയം കേന്ദ്രത്തില്‍ നിന്ന് ഓരോ മണ്ഡലത്തിലേക്കും ഓരോ നേതാക്കളെയാണ് നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ പാര്‍ലമെന്റ് മണ്ഡലങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ചിരിക്കുകയാണ്. മൂന്നോ നാലോ സീറ്റുകള്‍ വരുന്നതാണ് ഒരു ക്ലസ്റ്റര്‍. ഇവയുടെ ചുമതല പ്രാദേശിക നേതാക്കള്‍ക്കായിരിക്കും.
ഇവര്‍ പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഈ രീതി തിരഞ്ഞടുത്ത് കഴിഞ്ഞു. ഡല്‍ഹിയിലും അടുത്ത് തന്നെ ഈ പ്രഖ്യാപനമുണ്ടാവും. ഇവര്‍ നേരിട്ട് ദേശീയ കമ്മിറ്റിയെ വിവരങ്ങള്‍ ധരിപ്പിക്കും. ജനങ്ങളില്‍ നിന്നുള്ള പ്രതികരണവും ഇവര്‍ തേടും. അതിലൂടെ മാത്രമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂ.
ദേശീയ കമ്മിറ്റിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, രാജ്‌നാഥ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് ഉള്ളത്. ഇവരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സ്ത്രീകള്‍ക്ക് ഡല്‍ഹിയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന കാര്യമാണ് ബിജെപിയുടെ പരിഗണനയിലുള്ളത്.
ഒന്നിലധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയില്‍ നിന്നുണ്ടാവുമെന്നാണ് സൂചന. യുവ സ്ഥാനാര്‍ത്ഥികള്‍ക്കും അതുപോലെ മുന്‍തൂക്കം ലഭിക്കും. പല വെറ്ററന്‍മാരെയും തഴയാന്‍ സാധ്യത കൂടുതലാണ്. ഡല്‍ഹിയില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും എഴുപത് വയസ്സിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ബിജെപി പട്ടികയില്‍ ഉണ്ടാവില്ല.
അതേസമയം രാജ്യസഭയിലെ നേതാക്കള്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാനുള്ള സാധ്യതയും ഇതോടെ കുറയും. പ്രത്യേകിച്ച് ഇവര്‍ മൂന്നാം ടേമിലാണ് പാര്‍ലമെന്റില്‍ എത്തിയെങ്കില്‍. ഡല്‍ഹിയിലെ 5 ലോക്‌സഭാ എംപിമാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതുകൊണ്ട് ഭരണവിരുദ്ധ വികാരം ബിജെപി പരിശോധിക്കുന്നുണ്ട്. ജനപ്രിയരല്ലാത്ത എംപിമാരെ മാറ്റാനാണ് തീരുമാനം.
ലോക്‌സഭയില്‍ പ്രകടനം മികച്ചതല്ലാത്തവരും, അതുപോലെ എംസിഡി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കാര്യമായ ഗുണമില്ലാത്തവരുമായ എംപിമാരെ ഇത്തവണ തഴയും. രാജ്യസഭയില്‍ മൂന്ന് ടേം കഴിഞ്ഞവര്‍ക്ക് ഇത്തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കേണ്ടി വരും. ഇതില്‍ കേന്ദ്ര മന്ത്രിമാര്‍ വരെയുണ്ട്. എന്നാല്‍ ഇവര്‍ സ്വന്തം സീറ്റ് തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications