ബിജെപിയില്‍ വീണ്ടും രാജി, 3 ദിവസത്തിനിടെ നഷ്ടമായത് 8 എംഎല്‍എമാര്‍, എസ്പിയില്‍ ചേര്‍ന്നേക്കും
ദില്ലി: ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി. പ്രമുഖ എംഎല്‍എ വിനയ് ശാഖ്യ പാര്‍ട്ടി വിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന നാടകങ്ങളുടെ തുടര്‍ച്ചയാണിത്. മൂന്ന് ദിവസത്തിനിടെ എട്ടാമത്തെ എംഎല്‍എയാണ് ബിജെപി വിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ബിജെപിയെ അമ്പരപ്പിച്ചിരിക്കുകയാണ്. കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നേതാക്കളൊന്നും വഴങ്ങിയിട്ടില്ല. സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടതാണ് രാജിക്ക് കാരണമായി ശാഖ്യ പറയുന്നത്. മൗര്യ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ്. ഞങ്ങളുടെ നേതാവാണ് അദ്ദേഹം. ഞാന്‍ മൗര്യക്കൊപ്പമാണെന്നും വിനയ് ശാഖ്യ രാജിക്കത്തില്‍ പറയുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയാണ് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നാലെ നിരവധി പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. മൗര്യ നാളെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരും. ജനകീയ വിഷയങ്ങളില്‍ ബിജെപി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെനന് മൗര്യ പറഞ്ഞു. ദളിത്, പിന്നോക്ക വിഭാഗം, കര്‍ഷകര്‍, എന്നിവരെ യോഗി സര്‍ക്കാര്‍ അവഗണിച്ചെന്നും മൗര്യ ആരോപിച്ചു. ഇന്ന് ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മുകേഷ് വര്‍മ രാജിവെച്ചിരുന്നു. ദളിതുകള്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങളാണ് മുകേഷ് വര്‍മയെയും പാര്‍ട്ടിക്ക് പുറത്തേക്ക് നയിച്ചത്.യോഗി മന്ത്രിസഭയില്‍ നിന്ന് പ്രമുഖ മന്ത്രിയും ഇന്ന് രാജിവെച്ചിട്ടുണ്ട്. ധരംസിംഗ് സെയ്‌നിയാണ് രാജിവെച്ചത്. പിന്നോക്ക വിഭാഗം നേതാവാണ് അദ്ദേഹം. നേരത്തെ താന്‍ രാജിവെച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞയാളാണ് സെയ്‌നി.
യോഗി മന്ത്രിസഭയില്‍ നിന്ന് ഇതുവരെ മൂന്ന് മന്ത്രിമാരാണ് രാജിവെച്ചത്. ഈ മൂന്ന് മന്ത്രിമാരും എസ്പിയില്‍ ചേരാനാണ് സാധ്യത. നാകുദില്‍ നിന്നുള്ള എംഎല്‍എയാണ് സെയ്‌നി. നാല് തവണയാണ് അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. സഹാരണ്‍പൂര്‍ മേഖലയിലാണ് നാകുദ് മണ്ഡലം. ഒബിസി വിഭാഗത്തിലെ വളരെ പ്രമുഖ നേതാവാണ് അദ്ദേഹം. യുപിയില്‍ ബിജെപിയുടെ കുതിപ്പിന് പിന്നില്‍ ഒബിസി വിഭാഗത്തിന്റെ പിന്തുണയാണ്. ഇത് നഷ്ടപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ വീഴ്ച്ചയുണ്ടാവുമെന്നും ബിജെപി ഭയക്കുന്നു.
അതേസമയം ജനുവരി ഇരുപത് വരെ ബിജെപിയില്‍ നിന്നുള്ള രാജി തുടരുമെന്ന് ധരംസിംഗ് സെയ്‌നി പറയുന്നു. നിത്യേന ഒരു മന്ത്രിയും രണ്ടോ മൂന്നോ എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറയുന്നു. നേരത്തെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്.
കേശവ് പ്രസാദ് മൗര്യ അടക്കം യോഗിയുടെ ഭരണരീതിയില്‍ അസന്തുഷ്ടനായിരുന്നു. എന്നാല്‍ മൗര്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തിരുന്നു യോഗി. തന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും യോഗി സര്‍ക്കാരോ ബിജെപിയോ തയ്യാറായില്ലെന്ന് സെയ്‌നി പറയുന്നു. നേതൃത്വത്തിനെതിരെ 140 ഓളം എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും, ഇവരെ ഭയപ്പെടുത്തുകയായിരുന്നുവെന്നും സെയ്‌നി വ്യക്തമാക്കി.












Click it and Unblock the Notifications