'സ്വന്തം മണ്ഡലത്തിലേക്കാൾ കൂടുതൽ സമയം അവിടെയാണ്'; വിയറ്റ്നാം യാത്രയിൽ രാഹുലിനെ പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: തുടർച്ചയായ വിയറ്റ്നാം യാത്രകളിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയുടെ ഈ വർഷത്തെ രണ്ടാം വിയറ്റ്നാം സന്ദർശനമാണ് ഇത്. പിന്നാലെയാണ് കടുത്ത വിമർശനവും പരിഹാസവും നടത്തി ബിജെപി തന്നെ വീണ്ടും രംഗത്തെത്തിയത്.
രാഹുൽ വിയറ്റ്‌നാം സന്ദർശിക്കുന്നതിന്റെ കാരണത്തെ കുറിച്ച് ബിജെപി എംപി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ സംശയം പ്രകടിപ്പിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്‌ടം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് തന്നെ വിശദീകരിക്കണമെന്ന് രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

'പുതുവത്സരാഘോഷത്തിനിടെ രാഹുൽ ഗാന്ധി വിയറ്റ്നാമിൽ പോയതിന് ശേഷം ഹോളി സമയത്തും അദ്ദേഹം അവിടേക്ക് പോയെന്ന് കേട്ടു. അദ്ദേഹം തന്റെ മണ്ഡലത്തേക്കാൾ കൂടുതൽ സമയം വിയറ്റ്നാമിലാണ് ചെലവഴിക്കുന്നത്. വിയറ്റ്നാമിനോടുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ഇഷ്‌ടം അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതുണ്ട്,' രവിശങ്കർ പ്രസാദ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം ആഹ്വാനം ചെയ്‌ത വേളയിലും രാഹുൽ സമാനമായി വിയറ്റ്നാമിലേക്ക് യാത്ര ചെയ്‌തിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷമാണ് രാഹുൽ വീണ്ടും വിയറ്റ്നാമിലേക്ക് പോയത്. അന്നത്തെ രാഹുലിന്റെ യാത്ര വിവാദത്തിന് കാരണമായിരുന്നു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണം രാഹുൽ തന്റെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും രാജ്യം അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുമ്പോൾ പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പറന്നുയർന്നെന്നും ബിജെപി ആരോപിച്ചിരുന്നു. ഇത് വീണ്ടും ഉന്നയിക്കുകയാണ് ബിജെപി ഇപ്പോൾ.
എന്നാൽ കോൺഗ്രസ് ഈ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും, കേന്ദ്രം പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ദുഃഖാചരണ വേളയിൽ രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം പാലിക്കുകയായിരുന്നു അവർ കൂടുതൽ സമയവും. രാഹുലും വിഷയത്തിൽ കാര്യമായി പ്രതികരണം നടത്താൻ തയ്യാറായിരുന്നില്ല.
എങ്കിലും ആ സമയത്ത് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ ന്യായീകരിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ സാമ്പത്തിക മാതൃക പഠിക്കുന്നതിനാണ് അവിടം സന്ദർശിക്കുന്നതെന്നായിരുന്നു ഹരീഷ് റാവത്ത് പറഞ്ഞത്.












Click it and Unblock the Notifications