മുഖ്യമന്ത്രിയാക്കാന്‍ എംപിയെ രാജിവെപ്പിച്ചു, ഇനി മുന്‍മുഖ്യമന്ത്രി എംപി; ത്രിപുരയില്‍ വീണ്ടും ബിജെപി പരീക്ഷണം
അഗര്‍ത്തല: ത്രിപുരയിലെ ഏക രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ ബി ജെ പി നാമനിര്‍ദ്ദേശം ചെയ്തു. സെപ്തംബര്‍ 22-ന് ആണ് ത്രിപുരയിലെ രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ത്രിപുര മുഖ്യമന്ത്രിയായി നിയമിതനായതിനെ തുടര്‍ന്ന് ഡോ. മണിക് സാഹ ഈ വര്‍ഷം ജൂലൈയില്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതേസമയം തന്നെ രാജ്യസഭാ എം പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി ബിപ്ലബ് ദേബ് ട്വിറ്ററില്‍ കുറിച്ചു.

ത്രിപുരയുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ത്രിപുരയിലെ ഇടതുമുന്നണി മുന്‍ ധനമന്ത്രിയും എം എല്‍ എയുമായ ഭാനുലാല്‍ സാഹയെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

ഈ വര്‍ഷം മേയില്‍ ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആണ് മണിക് സാഹ അധികാരമേറ്റത്. ത്രിപുരയില്‍ ബി ജെ പിയെ ദീര്‍ഘകാലം അധികാരത്തില്‍ നിലനിര്‍ത്തേണ്ടതുണ്ട് എന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു എന്നും രാജിക്ക് ശേഷം ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയില്‍ മാറ്റം വരുത്തിയപ്പോഴും ബിപ്ലബ് ദേബിനെ പരിഗണിച്ചിരുന്നു. ബിപ്ലബ് ദേബിന് ബി ജെ പിയില്‍ സംഘടനാപരമായ പങ്ക് നല്‍കുകയും ഹരിയാനയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. കേരള ബി ജെ പി ഘടകത്തിന്റെ ചുമതല മുന്‍ മന്ത്രി പ്രകാശ് ജാവദേക്കറിന് ആണ് നല്‍കിയിരിക്കുന്നത്.

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ബി ജെ പി ചുമതല മാറ്റി നിശ്ചയിച്ചിട്ടുണ്ട്. അതിനിടെ ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയെ നീക്കുകയും ചെയ്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ ബി ജെ പി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications