പരീക്കറിന്റെ മകന് 3 സീറ്റുകളുടെ ഓഫറുണ്ടായിരുന്നു, അവന്‍ ഏറ്റെടുത്തില്ലെന്ന് ഗോവ മുഖ്യമന്ത്രി
പനാജി: ബിജെപി ഗോവയില്‍ 22 സീറ്റാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയൊരു മുന്നേറ്റമാണ് മുന്നില്‍ കാണുന്നത്. അതേസമയം മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിന് ഞങ്ങള്‍ മത്സരിക്കുന്നതിനായി മൂന്ന് സീറ്റുകള്‍ ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു സീറ്റ് പോലും അവന്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും സാവന്ത് പറഞ്ഞു. മനോഹര്‍ പരീക്കറില്ലാതെ ഇത് ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പാണ്. അദ്ദേഹം ഞങ്ങള്‍ക്ക് വഴികാട്ടാന്‍ ഉണ്ടാവും. തീര്‍ച്ചയായും ഇതെനിക്ക് വെല്ലുവിളിയാണ്. എന്നാല്‍ ഗോവയില്‍ ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

സീനിയര്‍ നേതാക്കളായ മിഷേല്‍ ലോബോയും ലക്ഷ്മീകാന്ത് പര്‍സേക്കറും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി മത്സരിക്കുന്നത് അവര്‍ക്ക് കൂടുതല്‍ വലിയ ആഗ്രഹങ്ങള്‍ ഉള്ളത് കൊണ്ടാണ്. ഒരു നേതാവ് പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന് ചിന്തിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കും.അവര്‍ സ്വതന്ത്രരായി മത്സരിക്കുകയോ മറ്റ് പാര്‍ട്ടികളില്‍ ചേരുകയോ ചെയ്യും. പര്‍സേക്കള്‍ താനാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. മിഷേല്‍ ലോബോയുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. ബിജെപിക്ക് രാഷ്ട്രമാണ് പ്രഥമം. എന്നാല്‍ ലോബോയ്ക്ക് തന്റെ ഭാര്യയാണ് ആദ്യം. അതുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും സാവന്ത് പറഞ്ഞു.
ഉത്പല്‍ പരീക്കറിന്റെ കാര്യത്തില്‍ നടന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. ഉത്പല്‍ മികച്ച ബിജെപി പ്രവര്‍ത്തകനായിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയോട് കൂറുണ്ടായിരുന്നു. സീനിയര്‍ നേതാക്കള്‍ പറഞ്ഞത് അദ്ദേഹം കേള്‍ക്കണമായിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കാതിരുന്നത് ഉത്പലാണ്. മൂന്ന് സീറ്റുകളാണ് ഉത്പലിനായി ഞങ്ങള്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ ഒരു സീറ്റ് പോലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഞങ്ങള്‍ അവന് സീറ്റ് നിഷേധിച്ചിട്ടില്ല. അവന്‍ തന്നെയാണ് സീറ്റ് വേണ്ടെന്ന് പറഞ്ഞതെന്നും ഉത്പല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന സമയത്ത് പോലും ബിജെപിയില്‍ പരീക്കറുടെ സാന്നിധ്യം അറിയുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
ചില സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നല്ല ശക്തിയുണ്ട്. അവര്‍ നല്ല രീതിയില്‍ പോരാടുന്നുണ്ട്. എഎപിയും അതുപോലെ തന്നെയാണ്. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും അതുപോലെ തന്നെ ചില സീറ്റുകളില്‍ കരുത്തുണ്ട്. ഓരോ മണ്ഡലവും ഇത്തവണ വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഗോവയുടെ ഭാഗമല്ലാത്ത പാര്‍ട്ടികളെല്ലാം ഇത്തവണ ഗോവയിലേക്കാണ് വരുന്നത്. ഇത് ദേശീയ പാര്‍ട്ടിയാവുക എന്ന ലക്ഷ്യത്തോടെയാണ്. ഇവര്‍ക്കെല്ലാം താല്‍പര്യങ്ങളുണ്ട്. ഗോവയിലെ വോട്ട് ശതമാനം കൊണ്ട് ദേശീയ പാര്‍ട്ടിയാവാനാണ് തൃണമൂലിന്റെ ശ്രമം. എഎപി അക്കൗണ്ട് തുറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പിടിച്ച് നില്‍ക്കേണ്ടതുണ്ട്. ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത് അത്തരം നിലനിലനില്‍പ്പിനാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
അടുത്ത ആറ് മാസത്തിനുള്ളില്‍ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. മൈനിംഗ് കോര്‍പ്പറേഷന്‍ ഞങ്ങള്‍ രൂപീകരിച്ച് കഴിഞ്ഞു. ഖനന പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിക്കാന്‍ പോകുകയാണ്. വരുന്ന അഞ്ച് വര്‍ഷം പല വാണിജ്യസ്ഥാപനങ്ങളും വളര്‍ച്ച നേടും. ഒരുപാട് തൊഴില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications