ലോക്‌സഭ തെരഞ്ഞെടുപ്പ് 50 ശതമാനം വോട്ട് വേണം, പണി തുടങ്ങി ബിജെപി; 5000 യോഗങ്ങള്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങാന്‍ ബിജെപി. 2024ലെ നിര്‍ണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ട് നേടുക എന്നതാണ് പാര്‍ട്ടിയുടെ ടാര്‍ഗറ്റ്. ഇതിനായി ജനുവരി 15 മുതല്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ ആരംഭിക്കുകയാണ് ബിജെപി. യുവമോര്‍ച്ച രാജ്യത്താകെ അയ്യായിരം യോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനായി വലിയ പരിപാടികളാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന ബിജെപി നേതാക്കളുടെ ദിദ്വിന യോഗത്തിലാണ് ഇക്കാര്യങ്ങളെല്ലാം തീരുമാനിച്ച് ഉറപ്പിച്ചത്. പുതിയ വോട്ടര്‍മാര്‍മാരുമായി പാര്‍ട്ടിയുടെ ബന്ധം ശക്തമാക്കാന്‍ ബൂത്ത് ലെവല്‍ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. രാജ്യത്താകെ പുതിയ വോട്ടര്‍മാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനായുള്ള പ്രചാരണം സംഘടിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ബംപര്‍ വിജയം സമ്മാനിക്കാനായി വേണ്ട കാര്യങ്ങള്‍ ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ മണ്ഡലങ്ങളില്‍ തരംതിരിച്ച് കൊണ്ട് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. ഇതിന് മുമ്പ് ഇവയെ ക്ലസ്റ്ററുകളാക്കി മാറ്റും. ഈ ക്ലസ്റ്ററുകളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ സംസാരിക്കും.
ജനുവരി 24നാണ് ബിജെപിയുടെ യുവ മോര്‍ച്ച പുതു വോട്ടര്‍മാര്‍ക്കായുള്ള യോഗങ്ങള്‍ ആരംഭിക്കുന്നത്. ബിജെപിയുടെ യൂത്ത് വിംഗ് കൂടിയായ യുവമോര്‍ച്ചയോട് അയ്യായിരം യോഗങ്ങള്‍ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ രാജ്യത്താകെ തന്നെ സാമൂഹികമായ യോഗങ്ങള്‍ സംഘടിപ്പിക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനായി നേതാക്കള്‍ കാത്തിരിക്കേണ്ടെന്നാണ് നിര്‍ദേശം.
ഇപ്പോള്‍ തന്നെ പാര്‍ട്ടിയുടെ റെക്കോര്‍ഡ് വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ച് തുടങ്ങാമെന്നുമാണ് നിര്‍ദേശം. ജനുവരി ഒന്ന മുതല്‍ രാമക്ഷേത്ര ആഘോഷങ്ങള്‍ക്കായി ഒരു പ്രചാരണം ആരംഭിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഡോര്‍ ടു ഡോര്‍ പ്രചാരണം ബിജെപി പ്രവര്‍ത്തകര്‍ നടത്തും. അയോധ്യയിലെ ക്ഷേത്രത്തിലെ ദീപം തെളിയിക്കല്‍ ചടങ്ങില്‍ പത്ത് കോടി കുടുംബങ്ങളെ എത്തിക്കാനാണ് ശ്രമം.
അതേസമയം രണ്ട് ദിവസമായി നടന്നുവന്നിരുന്ന ബിജെപി ഓഫീസ് പ്രവര്‍ത്തകരുടെ യോഗവും സമാപിച്ചിട്ടുണ്ട്. ഇതിലാണ് അയോധ്യയിലെ രാമക്ഷേത്ര സംബന്ധമായ വിഷയത്തില്‍ അടക്കം തീരുമാനമെടുത്തിട്ടുണ്ട്. ആര്‍എസ്എസ്, വിഎച്ച്പി എന്നിവര്‍ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ബിജെപി നേതാക്കള്‍ ഈ യോഗത്തില്‍ അവതരിപ്പിച്ചു. ലഘുലേഖകളും ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്യും. പ്രതിപക്ഷം രാമക്ഷേത്രത്തിനെതിരെ നിലപാട് എടുത്തതും ജനങ്ങളെ ബിജെപി അറിയിക്കും.












Click it and Unblock the Notifications