'ഹിമാചല്‍ പ്രദേശില്‍ നേതൃമാറ്റമില്ല, തുടര്‍ ഭരണം ഉറപ്പാണ് ; ബിജെപി ദേശിയ അധ്യക്ഷന്‍
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി ജയ്‌റാം ഠാക്കൂറിന്റെ നേതൃത്വത്തില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജയ്‌റാം ഠാക്കൂര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം തന്നെ തുടരുമെന്നും ജെപി നദ്ദ വ്യക്തമാക്കി. ജയ്‌റാം ഠാക്കൂറിനെ നീക്കി അനുരാഗ് ഠാക്കൂറിന് അവസരം നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഈ വാര്‍ത്തകള്‍ക്കാണ് ഈ സ്ഥിരീകരണത്തോടെ മാറ്റം വന്നത്.
ഹിമാചല്‍ പ്രദേശിലെ ഒരു മന്ത്രിയെയും മാറ്റില്ലെന്നും എന്നാല്‍ 15 ശതമാനം ബിജെപി എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് നേതൃത്വത്തിന് നല്ല ഉറപ്പുണ്ട്. പഞ്ചാബില്‍ ആദ്യഘട്ടത്തില്‍ 117 നിയമസഭ സീറ്റുകളില്‍ 23 സീറ്റില്‍ മാത്രമാണ് മത്സരിച്ചതെന്നും എന്നാല്‍ ഇത്തവണ 68 സീറ്റില്‍ മത്സരിച്ചെന്നും ജെപി നദ്ദ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് സാധാരണയായി മത്സരം നടക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ ആംആദ്മിയുടെ സ്വാധീനം വലിയ സ്വാധീനം ചെലുത്തും.

അതേ സമയം സംസ്ഥാനത്ത് നിയമസഭയില്‍ മത്സരിക്കാനിരിക്കുന്ന ആംആദ്മിക്ക് തിരിച്ചടിയേറ്റിരുന്നു. ആംആദ്മി സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ വെച്ച് നടന്ന അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുവരും ഡല്‍ഹിയില്‍ വച്ച് ജെ പി നദ്ദയില്‍ നിന്ന് ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഹിമാചല്‍ പ്രദേശ് ആം ആദ്മി പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, യുഎന്‍എ പ്രസിഡന്റ് ഇഖ്ബാല്‍ സിംഗ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ 68 സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഈ നീക്കമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

അരവിന്ദ് കെജ്രിവാള്‍ ഒരുക്കുന്ന കെണിയില്‍ ഹിമാചലിലെ മലകളും ജനങ്ങളും വീഴില്ലെന്നായിരുന്നു അനുരാഗ് ഠാക്കുറിന്റെ പ്രതികരണം. ഹിമാചല്‍ പ്രദേശ് വിരുദ്ധ നയങ്ങളില്‍ വിയോജിച്ചാണ് ആംആദ്മി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയ.് ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2017 ല്‍ 31 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ച വെച്ചത്.
മുനിസിപ്പല്‍ കോര്‍പറേഷനിലെ 34 സീറ്റുകളില്‍ 17 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 12 സീറ്റുകളും ലഭിച്ചു. ഇത്തവണ ആം ആദ്മി അട്ടിമറി ഉണ്ടാക്കിയാല്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ട്രെയിലാറിയിട്ടാകും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. അതിനാല്‍ മിഷന്‍ ഹിമാചലിന് മുന്‍പ് 'മിഷന്‍ ഷിംല'യില്‍ ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ഡല്‍ഹിയും പഞ്ചാബും പിടിച്ചെടുത്ത ആംആദ്മിയുടെ അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശ് ആണെന്ന് ആംആദ്മി വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലും മത്സരിക്കുമെന്ന് എഎപി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചലിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണം മടുത്തെന്നും അവിടെ ഒരു ബദലാകാനാണ് ആംആദ്മി ശ്രമിക്കുന്നതെന്നും ആംആദ്മി അവകാശപ്പെട്ടിരുന്നു. ഈ ബലപരീക്ഷണമാകും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമെന്ന നിലയില്‍ നടക്കാന്‍ പോകുന്നത്.












Click it and Unblock the Notifications