ബംഗാളില്‍ കംപ്ലീറ്റ് പൊളിച്ചെഴുത്ത്, ദിലീപ് ഘോഷിനെ മാറ്റും, ബിജെപിയില്‍ ഞെട്ടിക്കുന്ന മാറ്റങ്ങള്‍
ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന കഴിഞ്ഞതോടെ അടിമുടി മാറ്റത്തിന് ബിജെപി. സംഘടനാ തലത്തിലെ അഴിച്ചുപണിയും പാര്‍ട്ടിയില്‍ നിന്ന് മന്ത്രിസ്ഥാനത്തെത്തിയവര്‍ പകരം ആളുകളെയുമാണ് ബിജെപി കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അന്നപൂര്‍ണ ദേവി, ബിശ്വേശര്‍ തുഡു എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ ഇടംപിടിച്ചിരുന്നു. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തണം. മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സമിതികളിലേക്ക് നിയമിക്കാനാണ് നീക്കം. മന്ത്രിസഭാ പുനസംഘടനയില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയാണ് ഇവര്‍.

ഈ നേതാക്കളെ പരിഗണിക്കുന്നതിന് വേറെ കാരണങ്ങളുമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുന്നുണ്ട്. അത് പാര്‍ട്ടിയെ ബാധിക്കാതിരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. പലരും കടുത്ത വിഭാഗീയതയ്ക്ക് തുടക്കമിട്ട് കഴിഞ്ഞു. ബംഗാളില്‍ അടിമുടി മാറ്റമാണ് വരാന്‍ പോകുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനം ദിലീപ് ഘോഷിന് നഷ്ടമാകുമെന്നാണ് സൂചന. ബംഗാളില്‍ അധികാരം പിടിക്കാന്‍ സാധിക്കാതെ പോയതോടെ നേതൃത്വത്തെ മാറ്റി പരീക്ഷിക്കാന്‍ ബിജെപി തയ്യാറായിരിക്കുകയാണ്.
കേന്ദ്ര നേതൃത്വത്തില്‍ ദിലീപ് ഘോഷിന് റോള്‍ നല്‍കാനാണ് തീരുമാനം. നിലവില്‍ പാര്‍ട്ടിയുടെ കാര്യങ്ങളൊന്നും ഘോഷ് അറിയുന്നില്ല. എല്ലാം സുവേന്ദു അധികാരിയാണ് നോക്കി നടത്തുന്നത്. ബംഗാളില്‍ പുതിയ അധ്യക്ഷന്‍ വന്നേക്കും. ഇത് സുവേന്ദു നിര്‍ദേശിക്കുന്നത് പോലെയാണ് വരിക. ബംഗാളിലെ ജനറല്‍ സെക്രട്ടറിമാരെയും ബിജെപി മാറ്റും. ആര്‍എസ്എസ് വരെ ഇവിടെ സംഘടനാ തലത്തില്‍ മാറ്റം വരുത്തി കഴിഞ്ഞു. 2024ല്‍ വന്‍ നേട്ടം ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടുക എന്നാണ് ബിജെപി ലക്ഷ്യമിടുന്നത്.
ബംഗാളിന്റെ ചുമതലയുണ്ടായിരുന്ന കൈലാഷ് വിജയ വര്‍ഗീയയും മാറുമെന്നാണ് സൂചന. മറ്റൊരു സംസ്ഥാനത്തിന്റെ ചുമതല വിജയ് വര്‍ഗീയക്ക് നല്‍കിയേക്കും. അസേമയം പങ്കജ മുണ്ടെയെ ബിജെപി അനുനയിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കേന്ദ്ര മന്ത്രി സഭാ പുനസംഘടനയില്‍ ഇവര്‍ കലിപ്പിലാണ്. പങ്കജയുടെ സഹോദരി പ്രിതം മുണ്ടെയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. നാരായണ്‍ റാണെയ്ക്കാണ് പകരം മന്ത്രിസ്ഥാനം ലഭിച്ചത്. ബിജെപിയുടെ മഹാരാഷ്ട്ര ഘടകത്തില്‍ വലിയ പൊട്ടിത്തെറിക്കാണ് ഇത് വഴിയൊരുക്കിയത്.
പങ്കജയെ അനുനയിപ്പിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായിരിക്കുകയാണ്. ചിലപ്പോള്‍ സംസ്ഥാനത്ത് പുതിയ റോള്‍ അവര്‍ക്കുണ്ടാവും. അതേസമയം കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ടവര്‍ക്ക് നിര്‍ണായക ചുമതലകള്‍ ഉണ്ടാവും. ഹര്‍ഷവര്‍ധന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, രമേശ് പൊഖ്രിയാല്‍, സദാനന്ദ ഗൗഡ, എന്നിവരാണ് പ്രമുഖര്‍. ഇവരെ സംസ്ഥാന ചുമതലകളിലേക്ക് കൊണ്ടുവരുമോ എന്ന് മാത്രം വ്യക്തമല്ല.












Click it and Unblock the Notifications