ഗോവയില്‍ തിരക്കിടാതെ ബിജെപി, സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ഇന്നില്ല, ഗവര്‍ണറെ കാണില്ല
ദില്ലി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം പതുക്കെയാക്കി ബിജെപി. സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ബിജെപിക്ക് മാത്രമാണ്. അതുകൊണ്ടാണ് തിരക്കിട്ട നീക്കം വേണ്ടെന്ന് തീരുമാനിച്ചത്. ഗവര്‍ണര്‍ ശ്രീധരന്‍പ്പിള്ളയെ ഉടന്‍ കാണേണ്ടെന്നാണ് തീരുമാനം. ഇന്ന് എന്തായാലും പാര്‍ട്ടി ഗവര്‍ണറെ കാണില്ലെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്ത് ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തിരക്ക് കൂട്ടുന്നില്ല. പക്ഷേ ചില സസ്‌പെന്‍സ് ഇപ്പോഴുമുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലി മാത്രമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉള്ളത്. പ്രമോദ് സാവന്ത് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടില്ല.

പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായമുണ്ടായിട്ടില്ല. കേന്ദ്ര നിരീക്ഷകര്‍ ഗോവയിലെത്തി സംസാരിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. സീനിയര്‍ നേതാക്കള്‍ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചിപ്പിക്കുന്നത്. സംസ്ഥാന സമിതിയില്‍ അടക്കം അദ്ദേഹത്തിനാണ് പിന്തുണ. പക്ഷേ അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇന്ന് എന്തായാലും ഗവര്‍ണറെ കാണാന്‍ ബിജെപിക്ക് സാധിക്കില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കുണ്ട്.
പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഗവര്‍ണറെ കാണുന്നത് വൈകില്ല. എന്നാല്‍ എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കാനില്ലെന്ന് പ്രമോദ് സാവന്ത് പറയുന്നു. അതേസമയം ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇതുവരെ സൂചന നല്‍കിയിട്ടില്ല. നിലവില്‍ മൈക്കിള്‍ ലോബോ ബിജെപിക്കൊപ്പമില്ല. അതുകൊണ്ട് വിശ്വജിത്ത് റാണയെ ഉയര്‍ത്തി കാണിക്കുന്നവരുണ്ട്. സംസ്ഥാനത്ത് ജനപ്രീതിയുള്ള നേതാവ് കൂടിയാണ് റാണ. അതേസമയം ഗോവയിലെ ജയത്തിന് കാരണം ബിജെപിയുടെ വികസന പദ്ധതികളാണെന്ന് ഫട്‌നാവിസ് പറഞ്ഞു.
ഗോവയിലെ ജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി അവകാശപ്പെട്ടതാണെന്ന് ഫട്‌നാവിസ് പറയുന്നു. ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു. പുതിയ നയങ്ങള്‍ അദ്ദേഹം കൊണ്ടുവരുമെന്ന് ജനങ്ങള്‍ക്കറിയാം. അതിലൂടെ നല്ലത് നടക്കുമെന്നും അവര്‍ മനസ്സിലാക്കിയെന്നും ഫട്‌നാവിസ് വ്യക്തമാക്കി. അതേസമയം എംജിപി ബിജെപിക്കൊപ്പം ചേരുമെന്ന് ഫട്‌നാവിസ് വ്യക്തമാക്കി. പഞ്ചിമില്‍ ബാബുഷ് ജയിച്ചതില്‍ സന്തോഷവാനാണ്. പക്ഷേ ഉത്പല്‍ തോറ്റതില്‍ സങ്കടമുണ്ട്. പരീക്കറുടെ കുടുംബം എപ്പോഴും ബിജെപിയുടെ കുടുംബമാണെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം പനാജിയിലെ വിജയ മാര്‍ജിന്‍ കുറഞ്ഞുവെന്ന് ബാബുഷ് മോണ്‍സരാറ്റി പറഞ്ഞു. വനിത വിംഗ് അധ്യക്ഷ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications