യുക്രൈനിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കർണാടകയിലെത്തിച്ചു; പുഷ്പചക്രം അർപ്പിച്ച് മുഖ്യമന്ത്രി
ബാംഗ്ലൂർ; റഷ്യ-യുക്രൈയ്ൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം ബംഗളൂരുവിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ എത്തച്ചത്. മാർച്ച് ഒന്നിനായിരുന്നു ഷെൽ ആക്രമണത്തിനിടെ യുക്രൈനിൽ വെച്ച് നവീൻ മരണപ്പെട്ടത്.
നവീന്റെ കുടുംബാംഗങ്ങളും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. നവീന് കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിക്കുകയും മുഖ്യമന്ത്രി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 3:00 മണിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മതദേഹം പിന്നീട് കർണാടകയിലെ ഹവേരി ജില്ലയിലെ ജന്മഗ്രാമത്തിലേക്ക് അയച്ചു.

"യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പ ഗ്യാൻഗൗഡറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയതിന് കേന്ദ്ര സർക്കാരിനോട് ഞാൻ നന്ദി പറയുന്നു. ഷെല്ലാക്രമണത്തിൽ അദ്ദേഹത്തെ നമ്മുക്ക് നഷ്ടപ്പെട്ടത് നിർഭാഗ്യകരമാണ്." വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. യുക്രൈനിലെ ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥി ആയിരുന്നു മരണപ്പെട്ട നവീൻ. മാർച്ച് ഒന്നിന് നഗരത്തിൽ ഭക്ഷണം വാങ്ങാൻ നിൽക്കവെയാണ് റഷ്യയുടെ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.
നേരത്തെ നവീൻ ശേഖരപ്പയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായവും കുടുംബാംഗത്തിന് സർക്കാർ ജോലിയും കർണ്ണാടക സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം മെഡിക്കൽ ഗവേഷണത്തിനായി മകന്റെ മൃതദേഹം ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചതായി നവീനിന്റെ പിതാവ് ശങ്കരപ്പ ശനിയാഴ്ച പറഞ്ഞിരുന്നു. "എന്റെ മകന് മെഡിക്കൽ രംഗത്ത് എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചിരുന്നു, അത് നടന്നില്ല. ചുരുങ്ങിയത് അവന്റെ ശരീരം മറ്റ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഉപയോഗിക്കാം. അതിനാലാണ് ഞങ്ങൾ വീട്ടിൽ, അവന്റെ ശരീരം മെഡിക്കൽ ഗവേഷണത്തിനായി ദാനം ചെയ്യാൻ തീരുമാനിച്ചത്." നവീന്റെ അച്ഛൻ പറഞ്ഞു.
നവീന്‍റെ ശരീരം മതാചാരപ്രകാരം പൂജ നടത്തി പൊതുദർശനത്തിന് വെച്ച ശേഷം ദാവണഗരെ എസ്.എസ് ആശുപത്രിക്ക് ഗവേഷണത്തിനായി ദാനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. അവസാനാമായി തന്റെ മകന്റെ മുഖം കാണാൻ സാധിക്കും എന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല എന്നും. മകന്റെ മൃതശരീരം നാട്ടിലെത്തിക്കാൻ സഹായിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നന്ദി അറിയിക്കുന്നു എന്നും നവീന്റെ അച്ഛൻ പറഞ്ഞു.












Click it and Unblock the Notifications