യുപിയിൽ സഹോദരിയെ കല്യാണം കഴിച്ച് സഹോദരൻ; കേസെടുത്ത് പോലീസ്, കാരണം കേട്ടവർ ഞെട്ടി...
ന്യൂഡൽഹി: പലവിധത്തിലുള്ള തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ നടക്കാറുണ്ട്, സാമ്പത്തിക തിരിമറിയും വിവാഹ തട്ടിപ്പുകളും ഒക്കെ. എന്നാൽ ആരെയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് യുപിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാരിന്റെ സഹായധനം കിട്ടാനായി സഹോദരൻ സഹോദരിയെ തന്നെ വിവാഹം കഴിച്ചുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. യുപിയിലെ ഹത്രാസിലാണ് ഈ വിചിത്രമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് പോലീസ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന എന്ന പദ്ധതിയിൽ നിന്ന് പണം തട്ടുവാനും ആനുകൂല്യം അനധികൃതമായി സ്വന്തമാക്കാനുമാണ് ഇവർ ശ്രമിച്ചതെന്നാണ് വിവരം.

ഉത്തർപ്രദേശ് സർക്കാർ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനായി നടപ്പിലാക്കി വരുന്നൊരു ക്ഷേമ പദ്ധതിയാണിത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ പെൺകുട്ടികൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. പദ്ധതി വഴി വിവാഹിതരാവുന്ന ആളുകൾക്ക് ധനസഹായമായി മാത്രം 35000 രൂപ ലഭിക്കുമെന്നതാണ് പ്രത്യേകത.
ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും പദ്ധതിയിലൂടെ വിവാഹിതരാകുന്ന ദമ്പതികൾക്ക് ലഭിക്കും. ഇവർക്ക് ധനസഹായത്തിന് പുറമേ 10,000 രൂപയുടെ അവശ്യസാധനങ്ങൾ, വിവാഹച്ചെലവിന് 6,000 രൂപ എന്നിങ്ങനെയാണ് സർക്കാർ നൽകുക. നേരത്തെ തന്നെ പദ്ധതിയിലൂടെ ലഭിക്കുന്ന പണത്തിനായി വ്യാപക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
അടുത്തിടെ നേരത്തെ വിവാഹിതരായ രണ്ട് ദമ്പതികൾ പണത്തിനായി വീണ്ടും ഈ പദ്ധതി മുഖേന വിവാഹം ചെയ്‌തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഗുരുതരമായ ആരോപണം കൂടി ഉയരുന്നത്. ഇവർക്ക് പുറമേ ധനസഹായം കിട്ടാനായി ഒരു മുനിസിപ്പൽ ജീവനക്കാരനും ഇവരുടെ വ്യാജ വിവാഹത്തിന് കൂട്ടുനിന്നു എന്നാണ് വിവരം.
2023 ഡിസംബർ 15നാണ് യുപിയിലെ ഹത്രാസിൽ സമൂഹ വിവാഹം നടന്നത്. അവിടെ 217 ദമ്പതികളാണ് ഒരേ സമയം വരണമാല്യം അണിഞ്ഞത്. അതിൽ ആരോപണവിധേയരും ഉൾപ്പെടുന്നു. എട്ട് മാസങ്ങൾക്ക് ശേഷമാണ് പക്ഷേ ഈ തട്ടിപ്പ് അധികൃതർ അറിഞ്ഞത്. നേരത്തെയും ഇത്തരം സംഭവങ്ങളിൽ യുപിയിൽ നിരവധി പേർ അറസ്‌റ്റിലായിരുന്നു. വ്യാജ വിവാഹം ധനസഹായത്തിനായി നടത്തിയതിന് 200ഓളം ദമ്പതികൾക്ക് എതിരെ മുൻപ് യുപിയിൽ കേസെടുത്തിരുന്നു.












Click it and Unblock the Notifications