ബിജെപിക്ക് ആശ്വാസം;ഒടുവിൽ ബിജെപിക്ക് വേണ്ടി ലിംഗായത്ത് വിഭാഗത്തോട് വോട്ടർഭ്യർത്ഥിച്ച് യെദ്യൂരപ്പ
ഇപ്പോഴിതാ ബി ജെ പിക്ക് ഏറെ ആശ്വാസത്തിന് വക നൽകി പാർട്ടിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യെദ്യൂരപ്പ.

ബെംഗളൂരു: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ നിസഹകരണം സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ പ്രതിസന്ധിയായിരുന്നു തീർത്തിരുന്നത്. പാർട്ടി പരിപാടികളിൽ നിന്നും നേതൃ ചർച്ചകളിൽ നിന്നും മാറി നിന്ന് കൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതിലെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.
സംസ്ഥാനത്തെ മുതിർന്ന ലിംഗായത്ത് നേതാവിന്റെ ഈ സമീപനം വലിയ ആശങ്കയോടൊയിരുന്നു ബി ജെ പി ഉറ്റുനോക്കിയത്. എന്നാൽ ഇപ്പോഴിതാ ബി ജെ പിക്ക് ഏറെ ആശ്വാസത്തിന് വക നൽകി പാർട്ടിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യെദ്യൂരപ്പ.

ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവ്
ഒരു വിഭാഗം മുതിർന്ന നേതാക്കൾ കലാപക്കൊടി ഉയർത്തിയതോടെയായിരുന്നു കഴിഞ്ഞ വർഷം ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ബസവരാജ് ബൊമ്മിയെ ബിജെപി മുഖ്യമന്ത്രിയായി അവരോധിച്ചത്. എന്നാൽ സംസ്ഥാനത്ത് പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മാറ്റി നിർത്താനുള്ള തീരുമാനം ബി ജെ പി നേതൃത്വം പ്രതീക്ഷിച്ചതിനെക്കാൾ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ബിജെപിയെ പരമ്പരാഗതമായി പിന്തുണച്ച് പോന്നിരുന്ന ലിംഗായത്ത് സമുദായം പരസ്യമായി തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. തീരുമാനത്തിന് നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും നേതൃത്വം വെല്ലുവിളിച്ചു.

ആഭ്യന്തര സർവ്വേകളിലെ ഫലങ്ങളും
യെദ്യൂരപ്പയും തന്നെ മാറ്റി നിർത്തിയതിലെ അതൃപ്തി മറച്ച് വെച്ചിരുന്നില്ല. പാർട്ടി വേദികളിൽ പങ്കെടുക്കാതെയായിരുന്നു അദ്ദേഹം തന്റെ എതിർപ്പ് നേതൃത്വത്തെ അറിയിച്ചത്. പലപ്പോഴും സംസ്ഥാന നേതൃത്വം അദ്ദേഹത്തെ വിവിധ പാർട്ടി വേദികളിൽ പങ്കെടുപ്പിക്കാതിരുന്നതും അതൃപ്തിയുടെ ആഴം കൂട്ടി. എന്നാൽ പകുതിയോളം സീറ്റുകളിൽ നിർണായക സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തേയും യെദ്യൂരപ്പയേയും പിണക്കിയാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പാർട്ടി നേതാക്കൾ തന്നെ നേതൃത്വത്തിന് നൽകി.
പാർട്ടി നടത്തിയ ആഭ്യന്തര സർവ്വേകളിലെ ഫലങ്ങളും ബി ജെ പിയുടെ ഈ നിലയിലുള്ള ആശങ്ക വർധിപ്പിക്കുന്നതായിരുന്നു.

എന്ത് വിലകൊടുത്തും ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ
ഇതോടെ യെദ്യൂരപ്പയെ എന്ത് വിലകൊടുത്തും ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചിരുന്നു. പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പാർലെന്ററി സമിതിയിലേക്ക് യെദ്യൂരപ്പയെ ഉൾപ്പെടുത്തിയത് ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു. സാക്ഷാൽ നരേന്ദ്ര മോദിയും കേന്ദ്ര നേതാക്കളും യെദ്യൂരപ്പയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ ഒരുപരിധി വരെ വിജയിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തിനിടയില്‍ കര്‍ണാടക നിയമസഭയില്‍ വെച്ച് യെദ്യൂരപ്പ നടത്തിയ തന്റെ വിടവാങ്ങൽ പ്രസംഗം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കിയ യെദ്യൂരപ്പ തന്റെ രാഷ്ട്രീയ പിൻഗാമിയായി മകൻ വിജയേന്ദ്ര ശിവമോഗയിലെ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു പ്രസംഗത്തിൽ വ്യക്തമാക്കിയത്. ഇതോടൊപ്പം തന്നെ തന്നെ ബി ജെ പി നേതൃത്വം ഒതുക്കിയിട്ടില്ലെന്നും ബി ജെ പി തന്നെ കർണാടകത്തിൽ ഭരണതുടർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിക്ക് വോട്ട് നൽകണമെന്ന്
ഇപ്പോഴിതാ ലിംഗായത്ത് സമുാദയാംഗങ്ങളോടും ബി ജെ പിക്ക് വോട്ട് നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ് യെദ്യൂരപ്പ. 'തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഞാൻ സ്വമേധയാ വിരമിക്കുന്നു. എനിക്ക് നാളെ 80 വയസ്സ് തികയുന്നു. വീരശൈവ ലിംഗായത്ത് സുഹൃത്തുക്കൾ ഇത് തെറ്റിദ്ധരിക്കരുത്, അവർ ഇപ്പോൾ ചെയ്യുന്ന രീതിയിൽ തന്നെ ബിജെപിയെ പിന്തുണയ്ക്കണം', യെദ്യൂരപ്പ പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്നതാണ് വീരശൈവ-ലിംഗായത്തുകൾ യെദ്യൂരപ്പയുടെ ആഹ്വാനം സമുദായം ഏറ്റെടുക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. മറിച്ചാണ് തീരുമാനമെങ്കിൽ കനത്ത തിരിച്ചടിയായിരിക്കും ബി ജെ പി നേരിട്ടേക്കുക.












Click it and Unblock the Notifications