ബിസിനസുകാരനും കുടുംബവും വെടിയേറ്റ് മരിച്ചു: പിന്നിൽ ബിസിനസ് വൈരാഗ്യം!!
ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം
ലഖ്നൊ: ഒരു കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു. ബിസിനസുകാരനും ഭാര്യയും 25 കാരനായ മകനുമാണ് വീടിന് സമീപത്ത് വെച്ച് വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമാണെന്നാണ് സൂചന. ഉത്തർപ്രദേശിലെ സീതാപ്പൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 9.30ഓടെ മകനൊപ്പം ബൈക്കില്‍ വീടിന് സമീപത്തെത്തിയ 60കാരനായ ജെയ്സ് വാളിനും മകനും നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ ചേര്‍ന്ന് ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു.
പോയിന്‍റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിയേറ്റ മകൻ റിത്വിക്ക് സംഭവസ്ഥലത്തുവച്ച് തന്നെ മരിയ്ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് വീടിന് പുറത്തേക്കിറങ്ങിവന്ന ഭാര്യയും അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. അക്രമികളെ തടയാൻ ശ്രമിച്ച സമീപവാസിയ്ക്കും വെടിയേറ്റെങ്കിലും ഇയാൾ ചികിത്സയിൽ കഴിയുകയാണെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് വീട് പരിശോധിക്കുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ കുറ്റവാളികളൊന്നും അറസ്റ്റിലായിട്ടില്ല. കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നുപേർക്കും വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ലഖ്നൊവിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സീതാപൂര്‍.

ഒരാഴ്ച മുമ്പ് 36കാരനായ ബിസിനസുകാരനും അലഹബാദിലെ റോഡിൽ വച്ച് വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ മാസവും ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രമസമാധാന നില നിയന്ത്രണത്തിലാക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന സൂചനയാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications