അധികാരത്തിലേറിയാൽ സിഎഎ നടപ്പാക്കില്ല; അസമിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി രാഹുൽ ഗാന്ധി
ഗുവാഹട്ടി; അസം നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലേറിയാൽ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രകടനപത്രികയിൽ പറയുന്നു. ഇതിനായി പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.

വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം നൽകും,200 യൂണിറ്റ് സൗജന്യ വൈദ്യുതി, 5 ലക്ഷം തൊഴിലവസരങഅങൾ, തേയില തൊഴിലാളികളുടെ കൂലി 365 രൂപയാക്കി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിൽ ഉണ്ട്. അസമിന്റെ സംസ്കാരത്തേയും പാരമ്പര്യത്തേയും തകർക്കുന്ന ആർഎസ്എസിന്റേയും ബിജെപിയുടേയും നീക്കങ്ങളിൽ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്‌എസും ബിജെപിയും ഈ രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ ആക്രമിക്കുകയാണെന്ന് നമുക്കറിയാം. നമ്മുടെ ഭാഷകൾ, ചരിത്രം, നമ്മുടെ ചിന്താ രീതി, സ്വഭാവ രീതി എന്നിവ എല്ലാം അവർ തകർക്കാനും ഇല്ലാതാക്കാനും ശ്രമിക്കുകയാണ്. ഇതിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മാർച്ച് 27 മുതൽ ഏപ്രിൽ ആറ് വരെ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിനെ താഴെയിറക്കി 2016 ലാണ് സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചത്. ബിജെപി 61 സീറ്റ് നേടിയപ്പോൾ, കോൺഗ്രസിന് 26 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു.
ഇത്തവണ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരിനിറങ്ങുന്നത്. എഐയുഡിഎഫ്, ഇടതുപാര്‍ട്ടികള്‍, അഞ്ചലിക് ഗണ മോര്‍ച്ച (എജിഎം) എന്നീ കക്ഷികളും ബിജെപി സഖ്യം ഉപേക്ഷിച്ചെത്തിയ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും സഖ്യത്തിന്റെ ഭാഗമാണ്.












Click it and Unblock the Notifications