ഫായിസ് അഹമ്മദിന്റെ വരികൾ നീക്കി സിബിഎസ്ഇ; പിൻവലിച്ചത് പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന്
ഡൽഹി; ഉറുദു കവി ഫായിസ് അഹമ്മദിന്റെ കവിതകൾ പാഠഭാ ഗത്ത് നിന്ന് നീക്കി സിബിഎസ്ഇ ബോർഡ്. എൻസിഇആർടിയുടെ പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ പുസ്തകത്തിൽ നിന്നാണ് കവിത നീക്കം ചെയ്തത്. ജനാധിപത്യ രാഷ്ട്രീയം II എന്ന പുസ്തകത്തിൽ മതം, വർഗീയത, രാഷ്ട്രീയം വർഗീയത, മതേതര രാഷ്ട്രം എന്ന പാഠഭാഗത്തായിരുന്നു ഫായിസ് അഹമ്മദിന്റെ കവിതകൾ ഉണ്ടായിരുന്നത്. വ്യാഴാഴ്ച പുറത്തിറക്കിയ പാഠ്യപദ്ധതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പുസ്തകത്തിലെ 46, 48, 49 എന്നീ പേജുകളിലെ ചിത്രങ്ങൾ ഒഴികെ മതം, വർഗീയത, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ഭാഗം പാഠപുസ്തകത്തിൽ തുടരുമെന്നും സിബിഎസ്ഇ പറയുന്നു. രണ്ട് പോസ്റ്ററുകളും ഒരു രാഷ്ട്രീയ കാർട്ടൂണും മാത്രമാണ് പിൻവലിച്ചിരിക്കുന്നത്. ഈ പോസ്റ്ററിൽ ആയിരുന്നു ഫായിസിന്റെ വരികൾ ഉണ്ടായിരുന്നത്. സാമൂഹിക പ്രവർത്തകരായ ഷബ്‌നം ഹാഷ്മിയും ഹർഷ് മന്ദറും സ്ഥാപിച്ച എൻജിഒ അൻഹാദും (ആക്‌റ്റ് നൗ ഫോർ ഹാർമണി ആൻഡ് ഡെമോക്രസി) ആണ് ഈ പോസ്റ്റർ പുറത്തിറക്കിയത്. വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഫൈസിന്റെ വരികൾ ചേർത്ത രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കിയത്. 1974ൽ ധാക്ക സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ വരികൾ എഴുതിയത്.

ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന അജിത് നൈനന്റെ കാർട്ടൂണും പാഠഭാ ഗത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മതചിഹ്നങ്ങളാൽ അലങ്കരിച്ച ഒഴിഞ്ഞ കസേര ആയിരുന്നു ഈ കാർട്ടൂണിൽ കാണിച്ചിരുന്നത്. നിയുക്ത മുഖ്യമന്ത്രിക്ക് തന്റെ മതേതര യോഗ്യത തെളിയിക്കാനുള്ളതാണ് ഈ കസേര ധാരാളം കുലുക്കമുണ്ടാകും എന്ന അടികുറിപ്പും ഈ കാർട്ടൂണിനോട് ചേർന്ന് ഉണ്ടായിരുന്നു. അതേ സമയം ഇവ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് സിബിഎസ്ഇ ഇതുവരെയും വിശദീകരിച്ചിട്ടില്ല. 2005ൽ കൽക്കട്ട സർവകലാശാല ചരിത്രവിഭാഗത്തിലെ അധ്യാപകൻ ആയിരുന്ന പ്രൊഫ.ഹരി വാസുദേവൻ അധ്യക്ഷനായ സമിതി ആയിരുന്നു ഇവ പാഠഭാ ഗങ്ങളോട് ചേർത്തത്.
നേപ്പാളിലെയും ബൊളീവിയയിലെയും ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും പരിചയപ്പെടുത്തുന്ന ഭാഗം, ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ എന്ന ഭാഗം, വംശത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിഭജനങ്ങളും അസമത്വങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ജനാധിപത്യവും വൈവിധ്യവും എന്ന ഭാ ഗവും പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, 11-ാം ക്ലാസിലെ ഹിസ്റ്ററി സിലബസിൽ സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ് എന്ന ഒരു അധ്യായവും 10-ാം ക്ലാസ് പാഠ്യപദ്ധതിയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒരു അധ്യായത്തിലെ കാർഷികത്തിൽ ആഗോളവൽക്കരണത്തിന്റെ ആഘാതം എന്ന ഭാ ഗവും 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്ന് ശീതയുദ്ധ കാലഘട്ടവും ചേരിചേരാ പ്രസ്ഥാനവും എന്ന അധ്യായവും ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications