'ജമ്മു കശ്‌മീരിൽ നിന്ന് സൈന്യത്തെ തിരിച്ചുവിളിക്കും, അഫ്‌സ്‌പ പിൻവലിക്കുന്നതും പരിഗണനയിൽ'; അമിത് ഷാ
ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിന്ന് വിവാദ നിയമമായ അഫ്‌സ്‌പ പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൂടാതെ ഇവിടെ നിന്നും സൈന്യത്തെ തിരികെ വിളിച്ചുകൊണ്ട് ജമ്മു കശ്‌മീർ പോലീസിന് പൂർണമായും ക്രമസമാധാന ചുമതല കൈമാറാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ജെകെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ജമ്മു കശ്‌മീരിനെ കുറിച്ചുള്ള നിർണായക തീരുമാനങ്ങളിലേക്ക് വെളിച്ചം വീശിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമിത് ഷായുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കൂടാതെ അടുത്ത മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ കേന്ദ്രഭരണ പ്രദേശത്ത് നിയമസഭാ തിരഞ്ഞെടുപ്പും വരുന്നുണ്ട്.

'സൈനികരെ പിൻവലിക്കാനും ക്രമസമാധാന ചുമതല ജമ്മു കശ്‌മീർ പോലീസിനെ മാത്രമായി ഏൽപ്പിക്കാനും ഞങ്ങൾ പദ്ധതിയിട്ടിടുന്നുണ്ട്. നേരത്തെ ജനങ്ങൾക്ക് ജമ്മു കശ്‌മീർ പോലീസിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ ഇന്ന് അവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു' അമിത് ഷാ മാറിയ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കി.
വിവാദ നിയമമമായ അഫ്‌സ്‌പ പിൻവലിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'ഞങ്ങൾ അഫ്‌സ്‌പ പിൻവലിക്കുന്നതിനെ കുറിച്ചും ഞങ്ങൾ ആലോചിച്ചു വരുന്നുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രശ്‌ന ബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന സായുധ സേനാംഗങ്ങൾക്ക് പൊതു ക്രമസമാധാനപാലനത്തിന് ആവശ്യമെന്ന് തോന്നിയാൽ തിരച്ചിൽ നടത്താനും അറസ്‌റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം നൽകുന്നതാണ് ഈ നിയമം.
ജമ്മു കശ്‌മീരിൽ ഇപ്പോഴും പ്രാബല്യത്തിലുണ്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിൽ നിന്നും ഈ നിയമം നീക്കം ചെയ്‌തതായി അമിത് ഷാ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കശ്‌മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഫ്‌സ്‌പ പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ജമ്മു കശ്‌മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്‌ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മൂന്ന് കുടുംബങ്ങളിൽ ഒതുങ്ങി നിൽക്കുന്ന നിലയിലാവില്ല ഈ ജനാധിപത്യമെന്നും, ജനകീയമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തത്. സെപ്റ്റംബർ മാസത്തോടെ കശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഷാ അറിയിച്ചത്.
എസ്‌സി, എസ്‌ടി, ഒബിസി എന്നീ വിഭാഗങ്ങളുടെ സംവരണത്തെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദ വിഷയങ്ങളിൽ, മോദി സർക്കാർ കശ്‌മീരിലെ ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയെന്നുമായിരുന്നു ഷായുടെ മറുപടി.
കശ്‌മീരിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു വ്യാജ ഏറ്റുമുട്ടൽ പോലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം വ്യാജ ഏറ്റുമുട്ടലുകളിൽ ഉൾപ്പെട്ടവർക്കെതിരെയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications