യുപി, പഞ്ചാബ് ബിജെപി നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ അധിക സുരക്ഷ; ഭയപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്
ദില്ലി: കേന്ദ്ര സഹമന്ത്രി എസ് പി എസ് ബാഗേല്‍ ഉള്‍പ്പെടെ പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 25 ബിജെപി നേതാക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയം ( എം എച്ച് എ ) കേന്ദ്ര സുരക്ഷാ പരിരക്ഷ വര്‍ദ്ധിപ്പിച്ചു. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി എസ്പിഎസ് ബാഗേലിന് സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ വൈ കാറ്റഗറി സുരക്ഷ ഉണ്ടായിരുന്ന ബാഗേലിന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. അടുത്തിടെ മെയിന്‍പുരിയില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നുള്ള ബി ജെ പി എം പി രമേഷ് ചന്ദ് ബിന്ദ് തിരഞ്ഞെടുപ്പ് വരെ എക്സ് കാറ്റഗറി സി ഐ എസ് എഫ് പരിരക്ഷ നല്‍കി. പഞ്ചാബിലെ പ്രചാരണ സന്ദര്‍ശനങ്ങള്‍ക്ക് ഡല്‍ഹി എം പി ഹന്‍സ് രാജ് ഹന്‍സ് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.

ഈ മൂന്നുപേരും ഒഴികെ, തിരഞ്ഞെടുപ്പ് കഴിയും വരെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ ( സി ആര്‍ പി എഫ് ) വൈ, വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിച്ച മറ്റെല്ലാ ബിജെപി നേതാക്കളും പഞ്ചാബില്‍ നിന്നുള്ളവരാണ്, മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ മുന്‍ സഹായി നിമിഷ മേത്ത ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവതാര്‍ സിംഗ് സിറ, സര്‍ദാര്‍ ദിദാര്‍ സിംഗ് ഭാട്ടി, സര്‍ദാര്‍ കന്‍വര്‍ വീര്‍ സിംഗ് തോഹ്റ, സര്‍ദാര്‍ ഗുര്‍പ്രീത് സിംഗ് ഭാട്ടി, സര്‍ദാര്‍ ഹരിയോത് കമാല്‍, സുഖ്വീന്ദര്‍ സിംഗ് ബിന്ദ്ര, പര്‍മീന്ദര്‍ സിംഗ് ധിന്‍ഡ്സ എന്നിവരാണ് പട്ടികയിലെ ചില പ്രമുഖര്‍.
തിരഞ്ഞെടുപ്പ് സമയത്ത് ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബില്‍ സുരക്ഷ ഏര്‍പ്പെടുത്തിയ നേതാക്കളില്‍ പലരും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നവരാണ്. ഇവരില്‍ ഒരാള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര സുരക്ഷാ പരിരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തിയത്.
വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരണം തേടിയെങ്കിലും നിരസിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇസഡ് കാറ്റഗറി സുരക്ഷ ബി ജെ പി നേതാക്കള്‍ക്ക് ഭീഷണിപ്പെടുത്തുന്നതിനുള്ള ഉപകരണമായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിതരണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജേവാല ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഈ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇതിനകം ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ പകുതി, ജനങ്ങളില്‍ ഭയാശങ്കയും ഭീതിയും സൃഷ്ടിക്കാനും സ്റ്റാറ്റസ് ചിഹ്നങ്ങളായി ഉപയോഗിക്കാനും ലക്ഷ്യമിട്ടുള്ള ഇസഡ് കാറ്റഗറി സുരക്ഷ പോലുള്ള നഗ്‌നമായ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാനമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി ഉള്‍പ്പെടെ സംസ്ഥാനത്തെ ഒരു ഡസനിലധികം ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കേന്ദ്രം സുരക്ഷാ പരിരക്ഷ അനുവദിച്ചിരുന്നു. ഇവരില്‍ പലരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയവരായിരുന്നു.












Click it and Unblock the Notifications