'കൊളോണിയൽ അവശേഷിപ്പുകൾ വേണ്ട'; പോർട്ട് ബ്ലയറിന്റെ പേര് മാറ്റി, ഇനി 'ശ്രീ വിജയപുരം' എന്നറിയപ്പെടും
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനവും മേഖലയിലെ പ്രധാന നഗരവുമായ പോർട്ട് ബ്ലയറിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'ശ്രീ വിജയപുരം' എന്നാണ് നഗരത്തിന്റെ പുതിയ പേര്. രാജ്യത്തെ കൊളോണിയൽ അവശേഷിപ്പുകളിൽ നിന്നും മുദ്രകളിൽ നിന്നും മോചിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അമിത് ഷാ അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളതെന്ന് സർക്കാർ തീരുമാനം അറിയിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കി. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തിന്റെ പ്രതീകമാണ് ഈ പേരെന്നും അമിത് ഷാ പറയുകയുണ്ടായി.

മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിൽ, ശ്രീ വിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും അതിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ മേഖലകളിൽ സമാനമായി പേര് മാറ്റം നടക്കുന്നതിനിടെയാണ് പോർട്ട് ബ്ലയറിനും പുതിയ പേര് ലഭിക്കുന്നത്.
ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനപരവുമായ താൽപര്യങ്ങളുടെ നിർണായക അടിത്തറയായി മാറിയിരിക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കൂടാതെ പോർട്ട് ബ്ലയറിലെ സെല്ലുലാർ ജയിലിനെ കുറിച്ചും അമിത് ഷാ പരാമർശിക്കുകയുണ്ടായി.
നേതാജി സുഭാഷ് ചന്ദ്രബോസ് ജി നമ്മുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയതും വീർ സവർക്കർ ജിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണെന്ന് അമിത് ഷാ ചൂണ്ടിക്കാണിച്ചു. നേരത്തെ കേന്ദ്രം ആൻഡമാൻ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകൾ നേതാജിയോടുള്ള ആദരസൂചകമായി മാറ്റിയിരുന്നു.
ഈ മൂന്ന് ദ്വീപുകളും മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നീൽ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും ഹാവ്‌ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നുമായിരുന്നു പുനർനാമകരണം ചെയ്‌തത്. 2018ലായിരുന്നു ഈ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
2014ൽ അധികാരമേറ്റതിന് ശേഷം, കൊളോണിയൽ പാരമ്പര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാർ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരുന്നു. അലഹബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദിനെ അയോദ്ധ്യ എന്നും ഉൾപ്പെടെ പെരുമാറ്റം നടത്തിയിരുന്നു.












Click it and Unblock the Notifications