ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം; വനിതാവകാശ പോരാട്ടത്തിനുള്ള അംഗീകാരമെന്ന് ബിജെപി
തമിഴിലെ മുന്‍നിര നടിയായിരുന്നു ഖുശ്ബു. തമിഴ്‌നാട്ടില്‍ ഖുശ്ബു സുന്ദറിനായി ആരാധകര്‍ ക്ഷേത്രം വരെ നിര്‍മ്മിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിത കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്ക് ആണ് ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്തത്.
ഖുശ്ബുവിനെ കൂടാതെ അവര്‍ക്കൊപ്പം ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്ത കുമാരിയും മേഘാലയയിലെ ഡെലീന ഖോങ്ഡൂപ്പും ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. അതേസമയം ഇത്രയും വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി പറയുന്നതായി ഖുശ്ബു സുന്ദര്‍ പറഞ്ഞു.
രാജ്യത്ത് സജീവമാകുന്ന സ്ത്രീശക്തിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും താന്‍ കഠിനമായി പരിശ്രമിക്കും എന്നം ഖുശ്ബു സുന്ദര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു. അതേസമയം തമിഴ്‌നാട് ബി ജെ പി അധ്യക്ഷന്‍ അണ്ണാമലൈ ഖുശ്ബു സുന്ദറിനെ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിനും പോരാട്ടത്തിനുമുള്ള അംഗീകാരമാണ് ഖുശ്ബു സുന്ദറിന്റെ നിയമനം എന്നും അണ്ണാമലൈ പറഞ്ഞു.

ഡി എം കെയിലൂടെ ആണ് ഖുശ്ബു രാഷ്ട്രീയത്തില്‍ എത്തുന്നത്. പിന്നീട് ഡി എം കെ വിട്ട് കോണ്‍ഗ്രസില്‍ എത്തി. കോണ്‍ഗ്രസ് സംസ്ഥാന വക്താവ് വരെ ആയിരുന്നു ഖുശ്ബു സുന്ദര്‍. പിന്നീട് കോണ്‍ഗ്രസ് വക്താവ് ആയിരിക്കെ ബി ജെ പിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡി എം കെ സ്ഥാനാര്‍ഥിയോട് തോറ്റു.
തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്റെ സാന്നിധ്യം അറിയിച്ച ഖുശ്ബു ഹിന്ദി സിനിമയിലൂടെ ആണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഖുശ്ബു തിളങ്ങിയിട്ടുണ്ട്. ബി ജെ പിയുടെ താരപ്രചാരകയാണ് ഖുശ്ബു സുന്ദര്‍.
1980 കളിലും 1990 കളിലും തമിഴിലെ മുന്‍നിര നടിയായിരുന്നു ഖുശ്ബു സുന്ദര്‍. തമിഴ്‌നാട്ടില്‍ താരമൂല്യമുള്ള നടിമാരില്‍ മുന്‍ന്തിയിലായിരുന്നു ഖുശ്ബു സുന്ദറിന്റെ സ്ഥാനം. തമിഴ്‌നാട്ടില്‍ ഖുശ്ബു സുന്ദറിനായി ആരാധകര്‍ ക്ഷേത്രം വരെ പണി കഴിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications