കെജ്‌രിവാളിനേയും സിസോദിയേയും പൂട്ടാന്‍ കേന്ദ്രം: പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് അനുമതി നല്‍കി
ഡല്‍ഹി മുന്‍മുഖ്യന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വെല്ലുവിളിയായി കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കം. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയതാണ് തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ എ എ പി നേതാക്കള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.
മുതിർന്ന എ എ പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്കെതിരായ കേസിൽ ഏജൻസിയുടെ പ്രോസിക്യൂഷൻ നീക്കത്തിനും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെപ്പോലെ മുൻകൂർ അനുമതി ആവശ്യമാണെന്ന് നവംബറിലെ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ എ പി നേതാക്കള്‍ക്കെതിരായ കേസില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ടായത്.

സുപ്രീം കോടതി വിധി വന്ന് ആഴ്ചകൾക്ക് ശേഷം, തനിക്കെതിരായ കുറ്റപത്രം പരിഗണിക്കാനുള്ള വിചാരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അനുമതിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ അറസ്റ്റിലായ കെജ്‌രിവാളും സിസോദിയയും ഇപ്പോള്‍ ജാമ്യത്തിലാണ് പുറത്ത് കഴിയുന്നത്.
ഇരു നേതാക്കളും തങ്ങൾക്കെതിരായ ആരോപണങ്ങൾ തള്ളിക്കളയുകയും രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന നീക്കമാണ് ബി ജെ പി ഇവിടേയും ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് അവർ പറയുന്നത്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനായി കെജ്‌രിവാൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അനുമതി ഇഡിക്ക് ലഭിക്കുന്നതും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ എ എ പിക്കെതിരെ ബി ജെ പി നടത്തുന്ന ആക്രമണങ്ങൾക്ക് പുതിയ നീക്കത്തിലൂടെ മൂർച്ച കൂടും. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കുന്ന ഇ ഡി മാർച്ച് 21 ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ചത്. കേസില്‍ ആദ്യം അറസ്റ്റിലായ മനീഷ് സിസോദിയ 18 മാസത്തെ ജയിൽവാസത്തിന് ശേഷം ഓഗസ്റ്റിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി.












Click it and Unblock the Notifications