ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാന്‍-3; പുതിയ ചിത്രങ്ങള്‍ പുറത്ത്, ചരിത്രനേട്ടത്തില്‍ ഐഎസ്ആര്‍ഒ
ന്യൂദല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചു. ആഗസ്റ്റ് 15 ന് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ (എല്‍ പി ഡി സി) ഉപയോഗിച്ച് ചന്ദ്രന്റെ അതിശയകരമായ ചിത്രങ്ങള്‍ ചന്ദ്രയാന്‍ പകര്‍ത്തി. ചാന്ദ്രപര്യവേഷണത്തിലെ നിര്‍ണായക ചുവടുവെയ്പായ ഇതിന്റെ വീഡിയോ ഐ എസ് ആര്‍ ഒ പുറത്ത് വിട്ടിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജൂലൈ 14 ന് ആണ് ചന്ദ്രയാന്‍ വിക്ഷേപിച്ചത്.
ഓഗസ്റ്റ് 5 ന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍ ഒരു റോവര്‍ സുരക്ഷിതമായി ഇറക്കുകയും രാസ വിശകലനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ് ചന്ദ്രയാന്‍-3 ന്റെ പ്രാഥമിക ലക്ഷ്യം. ചന്ദ്രയാന്‍-3 പകര്‍ത്തിയ ചിത്രങ്ങള്‍ ചന്ദ്രന്റെ ഉപരിതലത്തിന്റെ സങ്കീര്‍ണ്ണതകളും പേടകത്തിന്റെ സാങ്കേതിക കഴിവുകളുമാണ് വെളിവാക്കുന്നത്.

ചന്ദ്രന്റെ ഭൂപ്രകൃതിയെക്കുറിച്ചും ഘടനയെക്കുറിച്ചും വിലപ്പെട്ട വിവരവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഈ ചിത്രങ്ങള്‍ ഭാവിയിലെ ചാന്ദ്രദൗത്യങ്ങള്‍ക്ക് സഹായകമാകുമെന്നുറപ്പാണ്. അതിനിടെ ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ചന്ദ്രയാന്‍-3. നേരത്തെ വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടിരുന്നു.
Chandrayaan-3 Mission:
— ISRO (@isro) August 18, 2023
🌖 as captured by the
Lander Position Detection Camera (LPDC)
on August 15, 2023#Chandrayaan_3#Ch3 pic.twitter.com/nGgayU1QUS
ഇതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ ഡീബൂസ്റ്റിംഗിലേക്കും ചന്ദ്രയാന്‍-3 കടന്നു. ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ വേഗം കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാന്‍ ലാന്ററിന്റെ പ്രവേഗം കുറയ്ക്കുന്ന പ്രക്രിയയാണ് ഇത്. ഡീബൂസ്റ്റിംഗ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ പെരിലൂണിലേക്ക് ചന്ദ്രയാന്‍-3 എത്തും.
ഇവിടെ നിന്നാണ് വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാന്റിംഗിന് സജ്ജമാകുക. ആഗസ്റ്റ് 23 ന് വൈകുന്നേരം 5.47-ഓടെയാണ് ചാന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. തിരശ്ചീനമായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റുകയാണ് ആദ്യം ചെയ്യുക. ഇതിന് ശേഷം വേഗം ക്രമീകരിച്ചാണ് താഴെയിറക്കും.
സോഫ്റ്റ് ലാന്റിംഗിന് ശേഷം വിക്രം ലാന്ററില്‍ നിന്ന് പ്രജ്ഞാന്‍ റോവര്‍ പുറത്തുവന്ന് പേടകത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കും. റോവര്‍ ചന്ദ്രോപരിതലത്തില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. അതേസമയം റഷ്യയുടെ ലൂണ-25 ഉം ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗിന് തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് 10 നാണ് ലൂണ വിക്ഷേപിച്ചത്.












Click it and Unblock the Notifications