ബാഗേലുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് അസിം ദാസ്; 'മഹാദേവ് ആപ്പില്‍ നിന്ന് പണമെത്തുന്നത് ബാഗേലിലേക്ക്'
റായ്പൂര്‍: മഹാദേവ് വാതുവെയ്പ് കേസില്‍ കുരുക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് കുരുക്ക് മുറുകുന്നു. ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്ന് അഞ്ചര കോടിയുമായി പിടിയിലായ അസിം ദാസ് സമ്മതിച്ചുവെന്നാണ് ഇ ഡി പറയുന്നത്. അസിം ദാസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മഹാദേവ് ആപ്പില്‍ നിന്ന് നല്‍കുന്ന പണത്തിന്റെ അവസാന ഉപഭോക്താവ് ബാഗേലാണ് എന്നാണ് അസിം ദാസ് പറഞ്ഞിരിക്കുന്നത്.
തന്റെ കൈവശമുണ്ടായിരുന്ന പണം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതായിരുന്നുവെന്നും അസീം ദാസ് പറഞ്ഞതായി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഛത്തീസ്ഗഡിലെ പല കോണ്‍ഗ്രസ് നേതാക്കളുമായും തനിക്ക് ബന്ധമുണ്ടെന്ന് അസിം ദാസ് സമ്മതിച്ചിട്ടുണ്ട്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇ ഡി പറയുന്നത്.

കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസമാണ് അസിം ദാസ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുട പേരും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ഭൂപേഷ് ബാഗലിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഇ ഡി വാദം.
അതേസമയം സംഭവം തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബി ജെ പിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഭൂപേഷ് ബാഗേല്‍ ഇ ഡിയെ ഭയന്ന് തുടങ്ങി എന്നും മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദുബായില്‍ നിന്ന് മഹാദേവ് ആപ്പിന്റെ പ്രമോട്ടറായ ശുഭം സോനെന്നയാള്‍ ഭൂപേഷ് ബാഗേലിന് അസിംദാസ് മുഖേനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുത്ത് വിട്ട പണമാണ് ഇ ഡി പിടികൂടിയത് എന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. ഹവാല ഇടപാടുകാരെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പില്‍ നിന്ന് തനിക്ക് 508 കോടി രൂപ നല്‍കിയെന്ന ഇ ഡിയുടെ അവകാശവാദങ്ങള്‍ ഭൂപേഷ് ബാഗേല്‍ തള്ളി. ബി ജെ പി ഇ ഡി, ഐ ടി, ഡി ആര്‍ ഐ, സി ബി ഐ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ബാഗേലിന്റെ പ്രതികരണം. ആരോപണത്തിനെതിരെ തിരഞ്ഞടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.












Click it and Unblock the Notifications