സില്‍വര്‍ലൈന്‍ അനുമതി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, പ്രതീക്ഷയോടെ സര്‍ക്കാര്‍
ദില്ലി: രാജ്യ തലസ്ഥാനത്തും സംസ്ഥാനത്തും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറയും രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസും ഒപ്പമുണ്ടായിരുന്നു. സില്‍വര്‍ ലൈനിനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റില്‍ യു ഡി എഫ് എം പിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കേരളത്തില്‍ സമരം ശക്തമാകുന്നതിനിടെയാണ് ദില്ലിയിലേക്ക് സമരവുമായി യു ഡി എഫ് എം പിമാര്‍ രംഗത്തെത്തിയത്. മാര്‍ച്ചിനിടെ യു ഡി എഫ് എം പിമാരെ ദില്ലി പൊലീസ് കയ്യേറ്റം ചെയ്തു.
Recommended Video


ടി എന്‍ പ്രതാപന്‍, ബൈഹി ഈഡന്‍ തുടങ്ങിയ എംപിമാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദില്ലി പൊലീസിന്റെ അതിക്രമം എം പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ലോക്‌സഭ സ്പീക്കര്‍ ഒം ബിര്‍ള ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റതിന് പിന്നാലെ പ്രതികരണവുമായി ഹൈബി ഈഡന്‍ രംഗത്തെത്തി.
ജനാധിപത്യ അവകാശങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും വില കല്പിയ്ക്കാത്ത രണ്ടു സര്‍ക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിയ്ക്കുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. എം പി മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വനിതാ എം പിക്കുമെതിരെവരെ പാര്‍ലമെന്റ് പരിസരത്ത് അക്രമം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരാളെയും നിശ്ശബ്ദരാക്കാനാവില്ല. ഒരു നാവും ഇടറില്ല, ഇനിയുമുറക്കെത്തന്നെ ജനശബ്ദം മുഴങ്ങും- ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന അനേകായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും പോലീസ്, സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്ത കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളെ പാര്‍ലമെന്റിനു മുന്നില്‍ തല്ലിച്ചതക്കുന്ന കാഴ്ചകളാണ് കാണുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ വിമര്‍ശിക്കുമ്പോള്‍, അതിനെതിരെ പ്രതിഷേധിക്കുമ്പോള്‍ കേന്ദ്രം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസിന് ഇഷ്ടക്കേടുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കോമണ്‍സെന്‍സ് മതിയാവും. പിണറായിയുടെ പോലീസും അമിത്ഷായുടെ പോലീസും ഒരുമിച്ചുവന്നാലും കേരളത്തെ ഇല്ലാതാക്കുന്ന കെ റെയില്‍ നടപ്പിലാക്കാന്‍ സമ്മതിക്കില്ല. ഇതിപ്പോള്‍ കേരളത്തിലെ ജനം നേരിടുന്നത് പിണറായിയുടെ ദാര്‍ഷ്ട്യത്തെ മാത്രമല്ല മോദിയുടെ അഹങ്കാരവും കൂടി ചേര്‍ന്ന അന്തര്‍ധാരയെ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാര്‍ക്കുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് എംപിമാരുടെ മാര്‍ച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് യു ഡി എഫ് എം പിമാര്‍ പരിശോധിക്കുന്നത് നന്നാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ സുധാകരന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തത് പോലീസിന്റെ തല്ല് പേടിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയോ ഇന്ധനവില വര്‍ദ്ധനവിനെതിരെയോ അല്ല യുഡിഎഫ് എംപിമാര്‍ ഡെല്‍ഹിയില്‍ മാര്‍ച്ച് നടത്തിയത്. കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി തടയണമെന്നാവശ്യപ്പെട്ട് ആണ് ഇവരുടെ മാര്‍ച്ച്. സ്വന്തം ജനതക്കെതിരെ തിരിഞ്ഞ ജനപ്രതിനിധികളെയാണ് ഡല്‍ഹിയിലെ മാര്‍ച്ചില്‍ കണ്ടത്.
മന്ത്രിമാരുടെ വസതികളില്‍ കല്ലിടുമെന്ന ഭീഷണി ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. കേരളത്തിന്റെ വികസനം പിന്നോട്ട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications