താരപ്രചാരകരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, യുപിയില്‍ 30 അംഗ ടീം, രാഹുലും മന്‍മോഹനും പട്ടികയില്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ താരപ്രചാരകരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുപ്പതംഗ പ്രചാരകരുടെ പട്ടികയാണ് പുറത്തുവിട്ടത്. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, സച്ചിന്‍ പൈലറ്റ് എന്നിവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കൂടുതല്‍ പുതുമുഖങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇത്തവണ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. ഇവര്‍ക്കിടയില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍വ സന്നാഹവും ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പോരാടുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതും നേതൃത്വത്തിന് ആശങ്കയായി മുന്നിലുണ്ട്. രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സുപ്രിയ ആരോണ്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ എസ്പിയിലാണ് ചേര്‍ന്നത്. ബിജെപിയെ വെല്ലുവിളിച്ച് പോരാടാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ല എന്നാണ് ഇവര്‍ ആരോപിച്ചത്. ബറേലിയില്‍ നിന്നുള്ള മുന്‍ മേയറായിരുന്നു സുപ്രിയ. ഇവരുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ പ്രവീണ്‍ സിംഗ് ആരോണും പാര്‍ട്ടി വിട്ടിരുന്നു. ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് കരുത്തില്ലെന്ന മറുപടി ലഭിച്ചതിലൂടെയാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് സുപ്രിയ പറഞ്ഞു. എസ്പി സര്‍ക്കാരാണ് യുപിയില്‍ വേണ്ടതെന്ന് ജനങ്ങള്‍ കരുതുന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ അദിതി സിംഗ് കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിക്കാനായി വെല്ലുവിളിച്ചിരുന്നു. റായ്ബറേലി ഇനിയൊരിക്കലും കോണ്‍ഗ്രസ് കോട്ടയാണെന്ന് പറയാനാവില്ലെന്ന് അദിതി സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് അധ്യ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ്. അത് എന്നും കോണ്‍ഗ്രസ് കോട്ട തന്നെയാണ് യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി ഇതിന് മറുപടി നല്‍കിയിരുന്നു. ഈ പരാമര്‍ശത്തിലുള്ള വാക്‌പോര് ഇപ്പോഴും തുടരുകയാണ്. പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദിതി വെല്ലുവിളിയേ അല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. എളുപ്പത്തില്‍ തന്നെ ഈ സീറ്റ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
പ്രിയങ്കയ്‌ക്കെതിരെ പരിഹാസവും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. പ്രിയങ്ക ആദ്യം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പറഞ്ഞു. പിന്നീട് അത് തിരുത്തി. ഇതെല്ലാം പരാജയഭീതി കൊണ്ടാണെന്ന് ബിജെപി പരിഹസിച്ചു. കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് അവര്‍ക്കറിയാം. രാഹുലിന് അമേഠി കൈവിട്ട് പോയി. പ്രിയങ്കയ്ക്ക് എവിടെ നിന്ന് മത്സരിക്കണമെന്ന് പോലും അറിയില്ല. അതിനാലാണ് പ്രിയങ്ക പ്രസ്താവന തിരുത്തിയതെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അതേസമയം എസ്പിയും കോണ്‍ഗ്രസും ബിഎസ്പിയും ചേര്‍ന്നാല്‍ പോലും ഇത്തവണ യുപിയില്‍ നൂറ് സീറ്റ് തികയ്ക്കില്ലെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications