ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം? ബിജെപിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ്
അഗര്‍ത്തല: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി നേരിട്ടതിന് പിന്നാലെ മതേതര കക്ഷികളോട് ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടി പി സി സി). സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായ സൂചന നല്‍കുന്നതാണ്.
ബി ജെ പി വിരുദ്ധ കക്ഷികള്‍ ഒന്നിച്ചില്ലെങ്കില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ - വര്‍ഗീയ ശക്തിക്കെതിരെ പോരാടാന്‍ ബുദ്ധിമുട്ടായിരിക്കും. ത്രിപുരയില്‍ അടുത്ത വര്‍ഷം ബി ജെ പിയ്‌ക്കെതിരെ വിജയിക്കുമെന്ന് ടി പി സി സി പ്രസിഡന്റ് ബിരജിത് സിന്‍ഹ പറഞ്ഞു. ഉത്തര്‍പ്രദേശിനെപ്പോലെ, ത്രിപുരയിലും ജനാധിപത്യത്തെ പണയപ്പെടുത്തി ഭരണപരവും സാമ്പത്തികവും മസില്‍ പവറും ഉപയോഗിച്ചുള്ള അതേ തന്ത്രങ്ങള്‍ അവര്‍ ( ബി ജെ പി) പ്രയോഗിക്കും, പക്ഷേ ഇവിടെ ഇത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല.

ത്രിപുരയില്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജനാധിപത്യ, ബി ജെ പി വിരുദ്ധ പാര്‍ട്ടികളുടെയും ഏകീകരണത്തിന് ഞങ്ങള്‍ മുന്‍കൈയെടുക്കും,'' ബിരജിത് സിന്‍ഹ പറഞ്ഞു. ത്രിപുരയില്‍ നിന്ന് വളരെ അകലെയുള്ള നാല് സംസ്ഥാനങ്ങളില്‍ വിജയിച്ചതിന് ശേഷം ഇവിടെയുള്ള ബി ജെ പി പ്രവര്‍ത്തകര്‍ ഫല പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ അനുഭാവികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള ഗുണ്ടായിസത്തിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷനോ മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിയോ ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല, സിന്‍ഹ ആരോപിച്ചു.

പടിഞ്ഞാറന്‍ ത്രിപുര, ധലായ് ജില്ലകളിലെ ചില പാര്‍ട്ടി ഓഫീസുകള്‍ക്ക് വിജയയാത്ര നടത്തിയ ശേഷം ബി ജെ പി അനുഭാവികള്‍ തീയിട്ടതായി സി പി ഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചു. സംസ്ഥാന കമ്മറ്റി അംഗം പബിത്ര കറിന്റേതുള്‍പ്പെടെ അഞ്ചോളം വീടുകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സെപാഹിജാലയിലെ ഒരു ന്യൂനപക്ഷ കുടുംബത്തിലെ എട്ട് പേരെയെങ്കിലും ആക്രമിക്കുകയും രാത്രിയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു, ചൗധരി പറഞ്ഞു.

2018 ലെ ത്രിപുര തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. സി പി ഐ എം വന്‍ തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. ഒരുകാലത്ത് സി പി ഐ എമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ത്രിപുര. പാര്‍ട്ടി 25 വര്‍ഷത്തോളം ത്രിപുര ഭരിച്ചിരുന്നു. എന്നാല്‍ 2018 ല്‍ അതുവരെ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബി ജെ പി മികച്ച വിജയം നേടി തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. സി പി ഐ എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു.
Recommended Video

42.7 ശതമാനം വോട്ടാണ് സി പി ഐ എമ്മിന് ലഭിച്ചത്. കോണ്‍ഗ്രസിനാകട്ടെ വെറും രണ്ട് ശതമാനത്തില്‍ താഴെയായിരുന്നു വോട്ട് ലഭിച്ചത്. അതേസമയം ഇത്തവണ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് സി പി ഐ എം. ബി ജെ പിയിലേക്ക് ചേക്കേറിയ നിരവധി എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടിരുന്നു. ബി ജെ പിയ്ക്കുള്ളിലും ഭിന്നത അടുത്തിടെ രൂക്ഷമായിട്ടുണ്ട്.












Click it and Unblock the Notifications