കോണ്‍ഗ്രസിന്റെ നീക്കം പൊളിഞ്ഞു; മിസ് ബിക്കിനി വിജയി അര്‍ച്ചനയ്ക്ക് പരാജയം
ലക്‌നൗ : മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടിയും മോഡലുമായ അര്‍ച്ചന ഗൗതം വന്‍ തോല്‍വിയിലേക്ക്. ആകെ പോള്‍ ചെയ്തതില്‍ ഒരു ശതമാനത്തില്‍ താഴെ വോട്ട് പോലും അര്‍ച്ചനയ്ക്ക് നേടാന്‍ സാധിച്ചിട്ടില്ല.
അതേസമയം, മണ്ഡലത്തില്‍ ബി ജെ പി വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. നിലവിലെ എംഎല്‍എയും ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ ദിനേഷ് ഖതിക് 20000ല്‍ കൂടുതല്‍ വോട്ടുകളാണ് നേടിയിരിക്കുന്നത്. എസ്പി സ്ഥാനാര്‍ഥി യോഗേഷ് വര്‍മ ഇതുവരെ 13,546 വോട്ടുകളും ബിഎസ്പിയുടെ സഞ്ജീവ് കുമാര്‍ 2,683 വോട്ടുകളും നേടിയിട്ടുണ്ട് .
2018 ല്‍ മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ട അര്‍ച്ചനയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ഏതിര്‍ പാര്‍ട്ടിക്കാര്‍ പഴ ബിക്കിനി ചിത്രങ്ങള്‍ കുത്തിപ്പൊക്കിയിരുന്നു. പിന്നാലെ തന്റെ ജോലിയെയും രാഷ്ട്രീയത്തെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഒരു കലാകാരി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അതില്‍ എന്താണ് തെറ്റെന്നും അവര്‍ ചോദിച്ചിരുന്നു .

അതേസമയം , അര്‍ച്ചനയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, ഭൂപേഷ് ബാഘേല്‍ എന്നിവര്‍ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ വലി തോല്‍വിയാണ് അർച്ചനയെ തേടിയെത്തിയത്. ഒട്ടേറെ സിനിമയിലും അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന ഗൗതം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കുറച്ച് തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഹസീന പാര്‍ക്കര്‍, ബാരാത് കമ്പനി എന്നിവയാണ് അവളുടെ മറ്റ് രണ്ട് ഹിന്ദി ചിത്രങ്ങള്‍.
അതേസമയം, ഉത്തര്‍ പ്രദേശില്‍ ബി ജെ പി വലിയ മുന്നേറ്റമാണ് ഇത്തവണ ഉണ്ടാക്കിയെടുത്തത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവച്ചുകൊണ്ടാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി തുടര്‍ഭരണം ഉറപ്പിച്ചിരിക്കുന്നത്. എഴ് ഘട്ടങ്ങളിലായാണ് 403 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന ഭൂരിപക്ഷം സര്‍വ്വേ ഫലങ്ങളും ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ചിരുന്നു. ഉത്തര്‍ പ്രദേശിനെ കൂടാതെ മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ബി ജെ പി വലിയ മുന്നേറ്റമാണ് നേടിയെടുത്തിരിക്കുന്നത്. ഗോവയില്‍ ബി ജെ പി ഉടന്‍ ഗവര്‍ണറെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 14ന് സത്യപ്രതിജ്ഞ നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications