ത്രിപുരയില്‍ വന്‍ സംഘര്‍ഷം; പരിക്കേറ്റവര്‍ പോലീസ് സ്‌റ്റേഷനില്‍, പ്രത്യേക വോട്ടെടുപ്പ് ആവശ്യം
അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൊട്ടുപിന്നാലെ ത്രിപുരയില്‍ വന്‍ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡോ. അജയ് കുമാറും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. മജ്‌ലിഷ്പൂര്‍ മണ്ഡലത്തിലാണ് സംഘര്‍ഷമുണ്ടായത്.
നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിക്കേറ്റ് പോലീസ് സ്‌റ്റേഷനില്‍ കഴിയുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുധീപ് റോയ് ബര്‍മന്‍ ആരോപിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. പോലീസ് സ്‌റ്റേഷന്് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ച് നില്‍ക്കുന്നതിനാലാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറയുന്നു.

ബിജെപി നേതാവും മന്ത്രിയുമായ വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബര്‍മന്‍ ആരോപിച്ചു. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തണം. സംസ്ഥാനത്ത് മൊത്തം തിരഞ്ഞെടുപ്പ് ഒരു ഘട്ടമായി നടത്തരുത്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഈ അഞ്ച് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 16നാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍. ഇന്ന് ഉച്ചയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. അര മണിക്കൂര്‍ പിന്നിട്ട വേളയിലാണ് ത്രിപുരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
2018 വരെ 25 വര്‍ഷത്തോളം സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുകയായിരുന്നു. പിന്നീട് സിപിഎമ്മുമാകാര്‍ക്കെതിരെ വ്യാപക സംഘര്‍ഷമുണ്ടായി എന്നായിരുന്നു വാര്‍ത്തകള്‍. സിപിഎം ഓഫീസുകള്‍ ബിജെപി ഓഫീസുകളായി മാറിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ സിപിഎമ്മിന്റെ വികസന വിരോധത്തിന് ജനം നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു അന്ന് ബിജെപിയുടെ പ്രതികരണം. പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി തൂത്തുവാരിയിരുന്നു. പലയിടത്തും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഭീഷണി കാരണമാണ് മറ്റു പാര്‍ട്ടികള്‍ മല്‍സരിക്കാതിരുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
നിലവില്‍ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റിയതിന് കാരണം ഈ ഭിന്നതയായിരുന്നു. എന്നിട്ടും കലഹം തീര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബിജെപിക്കെതിരെ ഐക്യപ്പെടാന്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലെത്തി. ബിജെപിയുടെ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ നീക്കം. എന്നാല്‍ ജയം തങ്ങള്‍ക്ക് തന്നെയാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications