ഗോവ ഉറപ്പിക്കാം, ചിദംബരത്തിന്റെ പ്ലാന്‍ ഇങ്ങനെ, ടിക്കറ്റ് ആ വിഭാഗക്കാര്‍ക്ക്, അധ്യക്ഷനും തെറിക്കും
പനാജി: രാഹുല്‍ ഗാന്ധിയുടെ മിഷനുമായി പി ചിദംബരം ഗോവയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ അധികാരം കിട്ടാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്ന് ടീം രാഹുല്‍ ഉറപ്പിക്കുന്നു. അതിലുപരി കഴിഞ്ഞ തവണ ദിഗ് വിജയ് സിംഗിന്റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധം ഇത്തവണ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ചിദംബരത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ തവണ ഏറ്റവും വലിയ കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അതിന് പ്രധാന കാരണം ദിഗ് വിജയ് സിംഗിന് സംസ്ഥാന രാഷ്ട്രീയത്തെയോ നേതാക്കളെയോ അറിയാത്തതോ അതിലുപരി മറ്റ് താല്‍പര്യങ്ങളോ ആയിരുന്നു. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാവുന്നതിന് വരെ വന്‍ പ്ലാനാണ് ചിദംബരം ഒരുക്കുന്നത്.

40 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ചിദംബരത്തിന്റെ പ്ലാന്‍. നിലവില്‍ സഖ്യത്തിന്റെ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. ഗോവയിലെ സാഹചര്യമൊക്കെ മാറി. ബിജെപിക്ക് അനുകൂല ഘടകങ്ങളൊന്നുമില്ല. കോണ്‍ഗ്രസിന് ജയിക്കാനാവുന്ന സ്ഥിതിയാണ് ഗോവയിലുള്ളതെന്നും ചിദംബരം പറയുന്നു. അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് തന്നെയുണ്ടാക്കും. എന്നാല്‍ സഖ്യമില്ല എന്ന കാര്യം പറയാനാവില്ല. അത് ആവശ്യമാണെന്ന് തോന്നിയാല്‍ കൃത്യമായ സമയത്ത് തന്നെ സഖ്യമുണ്ടാക്കുമെന്നും ചിദംബരം വ്യക്തമാക്കി. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് അധികാരം പിടിക്കുന്നതില്‍ നിര്‍ണായകമാകും.

വരുന്നവനും പോകുന്നവനും ടിക്കറ്റ് കൊടുക്കില്ലെന്ന് ചിദംബരം വ്യക്തമാക്കി. പാര്‍ട്ടിയോട് കൂറുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ട ആദ്യ യോഗ്യത വിശ്വാസ്യതയാണ്. ഒപ്പം നല്ല പ്രവര്‍ത്തനം കൂടിയുണ്ടെങ്കില്‍ ഉറപ്പായും അവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കും. ഓരോ മണ്ഡലത്തിലും ഒന്നിലധികം പേര്‍ ഇപ്പോള്‍ തന്നെയുണ്ടെന്നും ചിദംബരം വെളിപ്പെടുത്തി. ഓരോ മണ്ഡലത്തിലെയും ബ്ലോക്കുകളിലെ സജീവ പ്രവര്‍ത്തകരില്‍ നിന്ന് ചോദിച്ചറിഞ്ഞ ശേഷമേ ടിക്കറ്റ് നല്‍കൂ. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളില്‍ ഉള്ളവര്‍ക്കാണ് പ്രാധാന്യം നല്‍കുക. കോണ്‍ഗ്രസിലെ യൂത്തിനായിരിക്കും മത്സരിക്കാന്‍ കൂടുതല്‍ ടിക്കറ്റ് നല്‍കുകയെന്ന സൂചന കൂടി ചിദംബരം നല്‍കുന്നു.

അതേസമയം താന്‍ ആരെയും മാറ്റാനല്ല ഗോവയിലേക്ക് വന്നതെന്നാണ് ചിദംബരത്തിന്റെ മറുപടി. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കര്‍ തെറിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നിര്‍ബന്ധമായും മാറ്റത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു സീനിയര്‍ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ കോണ്‍ഗ്രസിനെ നയിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗിരീഷ് ചോഡന്‍കര്‍ക്ക് പകരം ഈ നേതാവ് തന്നെ സംസ്ഥാന അധ്യക്ഷനാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചിദംബരം മൗനം പാലിച്ചു. ആദ്യമേ പ്രഖ്യാപിക്കില്ലെന്നാണ് ചിദംബരത്തിന്റെ നിലപാട്.

40 പോരാളികള്‍ ഗോവയില്‍ കോണ്‍ഗ്രസിനായി ഉണ്ടാവുമെന്നാണ് ചിദംബരം അറിയിച്ചിരിക്കുന്നത്. ഒരുപാട് മാസങ്ങള്‍ക്ക് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്ന് ചിദംബരം പ്രഖ്യാപിച്ചു. പക്ഷേ ഇവര്‍ പ്രചാരണത്തിന് ആവശ്യത്തിന് സമയം നല്‍കുമെന്നും ചിദംബരം പഞ്ഞു. അതേസമയം തുടര്‍ച്ചയായി പാര്‍ട്ടിയില്‍ നിന്ന് കൂറുമാറ്റം ഉണ്ടാവുന്നതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ഇത് തടയാനായിട്ടാണ് ചിദംബരത്തെ ഗോവയിലേക്ക് അയച്ചിരിക്കുന്നത്. പാര്‍ട്ടിയോട് കൂറുണ്ടെന്ന് കണ്ടെത്തുന്നവരെ മാത്രം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് തോറ്റാലും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പുള്ളവരെയാണ് തേടുന്നത്.
Recommended Video

ഗോവയില്‍ ടീം രാഹുലിനാണ് ചാര്‍ജ്. സീനിയര്‍ നേതാക്കളെ ഉപയോഗിക്കുന്നത് ബിജെപിക്ക് മുന്നില്‍ വീഴാതിരിക്കാന്‍ കൂടിയാണ്. പക്ഷേ ചിംദബരവും ദിഗ് വിജയ് സിംഗിനെ പോലെയാണെന്ന് ചില ജൂനിയര്‍ നേതാക്കള്‍ കരുതുന്നുണ്ട്. അത് കൊണ്ട് 2017 ആവര്‍ത്തിക്കുമോ എന്ന ഭയം ടീം രാഹുലിനുണ്ട്. എന്നാല്‍ രാഹുലിനും സോണിയ ഗാന്ധിക്കും ചിദംബരത്തെ വിശ്വാസമാണ്. കോണ്‍ഗ്രസ് ഗോവയില്‍ അധികാരം പിടിക്കുമെന്നാണ് രാഹുല്‍ കരുതുന്നത്. രാഹുലിന് ഗോവയില്‍ ഇത്തവണ ജയിക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള വരവ് എളുപ്പത്തിലാവൂ.












Click it and Unblock the Notifications