കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു!! കത്ത് നല്‍കി, തീരുമാനം നിയമവിദഗ്ദരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം
കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ആരുഭരിക്കുമെന്ന അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനിടെ ബിജെപി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് സംസാരിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഗവര്‍ണറെ സന്ദര്‍ശിച്ചിട്ടുണ്ട്. രാജ്ഭവനിലെത്തിയാണ് ഇവര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഇവരുണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അടങ്ങുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം തങ്ങളെ ക്ഷണിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വളരെ സൂക്ഷിച്ചാണ് കോണ്‍ഗ്രസും ജെഡിഎസും നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഗവര്‍ണര്‍ നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം ഏത് പാര്‍ട്ടിയെ വിളിക്കണമെന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര പറഞ്ഞു. തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് കാണിക്കാന്‍ എംഎല്‍എമാരുമായിട്ടാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രാജ്ഭവനിലെത്തിയത്. അതേസമയം ഇതിന് ശേഷം ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് ഇവരെ മാറ്റുമെന്നാണ് സൂചന.
കോണ്‍ഗ്രസിനെ ഭയന്ന് ബിജെപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുമെന്ന് കുമാരസ്വാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയും ആശങ്കയിലാണ്. അതേസമയം പ്രധാനമന്ത്രി കുതിരക്കച്ചടം നടത്തുകയാണെന്ന സിദ്ധരാമയ്യയുടെ ആരോപണം പരിഹാസ്യമാണെന്നും ആദ്യം ജനവിധി അംഗീകരിക്കാന്‍ അവര്‍ പഠിക്കട്ടെ എന്നുമാണ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.












Click it and Unblock the Notifications