ജാർഖണ്ഡിനോട് കേന്ദ്രത്തിന് ചിറ്റമ്മ നയം; കടുത്ത വിമർശനവുമായി കോൺഗ്രസ്, ഫണ്ട് അനുവദിച്ചില്ലെന്ന് ആക്ഷേപം
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ജാർഖണ്ഡ് സന്ദർശനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് നരേന്ദ്ര മോദി ഇന്ന് 83,000 കോടി രൂപയുടെ പദ്ധതികൾ അവതരിപ്പിച്ചതോടെയാണ് കോൺഗ്രസ് വിമർശനം കടുപ്പിക്കുന്നത്. സംസ്ഥാനത്തിന് ഇതുവരെ നൽകിയ വാഗ്‌ദാനങ്ങൾ മോദി പാലിച്ചോ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ജാർഖണ്ഡിനോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും ജയറാം രമേശ് ആരോപിക്കുന്നു. ജാർഖണ്ഡിന് ലഭിക്കേണ്ട ഫണ്ടുകൾ കേന്ദ്രം വിട്ടു നൽകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര ഇതുവരെ സംസ്ഥാനത്തിന് നൽകിയ വാഗ്‌ദാനങ്ങൾ എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ജയറാം രമേശിന്റെ വിമർശനം എന്നത് ശ്രദ്ധേയമാണ്.

കൽക്കരി കാണികളുടെ റോയൽറ്റി ഇനത്തിലും കേന്ദ്ര പദ്ധതികളുടെ ധനസഹായം എന്ന നിലയിലും ലക്ഷക്കണക്കിന് കോടി രൂപ ജാർഖണ്ഡിന് കേന്ദ്രം നൽകാനുണ്ടെന്ന് ജയറാം രമേശ് ആരോപിച്ചു. ഭൂമി നഷ്‌ടപരിഹാര ഇനത്തിൽ 1,01,142 കോടി രൂപ ഉൾപ്പെടെ ഇനിയും ധാരാളം ഫണ്ട് സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
'ഖേദകരമെന്നു പറയട്ടെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള ബിജെപിയുടെ പെരുമാറ്റത്തിന്റെ ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ജാർഖണ്ഡിനോട് കാണിച്ച ചിറ്റമ്മ നയം ഒരിക്കലും ആശ്ചര്യകരമല്ല. എല്ലാവർക്കും വികസനം എന്ന മോദിയുടെ മുദ്രാവാക്യം എവിടെപ്പോയി? ജാർഖണ്ഡിനും അവിടുത്തെ ജനങ്ങൾക്കും നൽകാനുള്ള 1,36,042 കോടി രൂപ എവിടെ?' ജയറാം രമേശ് ചോദിച്ചു.
പിഎംഎവൈ ഭവന നിർമ്മാണ പദ്ധതിയിൽ എട്ട് ലക്ഷത്തോളം പേർക്ക് ഇനിയും ജാർഖണ്ഡിൽ ധനസഹായം നൽകാനുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌ത എഞ്ചിനീയറിംഗ് കോളേജുകൾ എവിടെ പോയെന്നും ജയറാം രമേശ് ചോദിക്കുകയുണ്ടായി.
അതേസമയം, ഇന്ന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ജാർഖണ്ഡിൽ എത്തിയ നരേന്ദ്ര മോദി ഹസാരിബാഗിൽ 83,300 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയിരുന്നു. തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് അധികം വൈകാതെ തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മുന്നണികൾ പല നീക്കങ്ങളും തുടങ്ങിയിരുന്നു.
ജാർഖണ്ഡിലെ പ്രബല വോട്ടുവിഹിതം കൈയ്യാളുന്ന ആദിവാസി വിഭാഗങ്ങളെ കൈയിലെടുക്കുക കൂടി ലക്ഷ്യമിട്ടാണ് മോദി ഇത്രയും വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിലെ പൊള്ളത്തരം തുറന്നു കാറ്റുമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications