തോറ്റെങ്കിലും അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്? സ്ഥാനമോഹികള്‍ നിരവധി
ഹൈദരാബാദ്: എം എല്‍ സി ടിക്കറ്റില്‍ കണ്ണ്നട്ട് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാതെപോവുകയോ പരാജയപ്പെടുകയോ ചെയ്ത മുതിർന്ന നേതാക്കളാണ് സീറ്റ് മോഹവുമായി സജീവമായി രംഗത്തുള്ളത്. സീറ്റ് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി നേതാക്കള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കഴിഞ്ഞ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
ചിലർ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ മറ്റു ചിലർ ഡല്‍ഹിയിലെ എ ഐ സി സി നേതൃത്വം വഴിയാണ് ചരട് നീക്കം നടത്തുന്നത്. വാസ്തവത്തിൽ, 2014-ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആദ്യമായി തെലങ്കാന സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോൺഗ്രസ് പാർട്ടിയില്‍ സ്ഥാനമോഹികള്‍ നിരവധിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയില്‍ ഒരു വിഭാഗം നേതാക്കള്‍ എം എല്‍ സി സ്ഥാനത്തിന് ശ്രമിക്കാതെ എംപി സ്ഥാനാർത്ഥിത്വമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത് എം എല്‍ സി സ്ഥാനം ഉന്നം വെക്കുന്നവരുടെ ലക്ഷ്യം മന്ത്രി സ്ഥാനമാണ്. ആറ് എം എൽ സി ഒഴിവുകളാണ് നിലവിലുള്ളത്. രണ്ടെണ്ണം എം എല്‍ എ ക്വാട്ടയിലും രണ്ടെണ്ണം ഗവർണർ ക്വാട്ടയിലും ഒരോന്ന് വീതം തദ്ദേശ സ്ഥാപനത്തിലും ബിരുദധാരി മണ്ഡലത്തിലുമാണ്. കോൺഗ്രസിന് കുറഞ്ഞത് 4 എം എൽ സിമാരെയെങ്കിലും വിജയിപ്പിക്കാന്‍ സാധിക്കും.
എ രേവന്ത് റെഡ്ഡി മന്ത്രിസഭയിൽ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരും ഇല്ലാത്തതിനാല്‍ നിസാമാബാദ് അർബനിൽ നിന്ന് തോറ്റ മുൻ മന്ത്രി മുഹമ്മദ് അലി ഷബീർ, നാമ്പള്ളിയിൽ പരാജയപ്പെട്ട ഫിറോസ് ഖാൻ, ജൂബിലി ഹിൽസിൽ തോറ്റ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് എംഎൽസി സ്ഥാനാർത്ഥികളിൽ മുൻനിരയിലുള്ളത്. ഇവരില്‍ ആരെങ്കിലും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മന്ത്രി സ്ഥാനം ഉറപ്പാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവു ഖമ്മം ലോക്‌സഭാ ടിക്കറ്റ് ലക്ഷ്യം വെച്ചാണ് പ്രവർത്തനം. അതും നിഷേധിക്കപ്പെട്ടാൽ രാജ്യസഭാ സീറ്റെന്ന് ആവശ്യത്തില്‍ പിടിമുറുക്കും. എം ടിക്കറ്റിനായുള്ള ക്യൂവിൽ ജി ചിന്ന റെഡ്ഡി, രാമുലു നായിക്, മധു യക്ഷി ഗൗഡ്, ജഗ്ഗ റെഡ്ഡി, പുഷ്പ ലീല, മുൻ എംപി. ബൽറാം നായിക്, ജി നിരഞ്ജൻ തുടങ്ങിയവരാണ് മുന്നിലുള്ളത്.
കോൺഗ്രസ് ഹൈക്കമാൻഡിന് മുമ്പാകെ തങ്ങളുടെ അഭ്യർത്ഥന ബോധിപ്പിക്കാൻ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതിനോടകം ഡൽഹിയിൽ എത്തിയിട്ടുണ്ട്. നിർദിഷ്ട മന്ത്രിസഭാ വികസനം, എംഎൽസി നാമനിർദ്ദേശം, നാമനിർദേശം ചെയ്ത സ്ഥാനങ്ങൾ എന്നിവയ്ക്കായി മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെയും നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ജാതി സമവാക്യങ്ങളും വിജയസാധ്യതകളും കണക്കിലെടുത്ത് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന പാർട്ടി നേതാക്കൾക്കെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഹൈക്കമാൻഡ് എംഎൽസി ടിക്കറ്റും നോമിനേറ്റഡ് സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications