ബജറ്റിനെതിരെ വിമർശനം ശക്തമാക്കി കോണ്‍ഗ്രസ്: ഇരുട്ടടിയെന്ന് കെസി വേണുഗോപാല്‍
ദില്ലി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കർഷകർ ഉള്‍പ്പടേയുള്ള സാധാരണ ജനങ്ങളെ പൂർണ്ണമായി അവഗണിക്കുന്ന ബജറ്റാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വിമർശനം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ നടത്തിയത് പ്രസ്താവനകള്‍ സാങ്കൽപ്പികം മാത്രമാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ പ്രദ്യുത് ബൊർദോലോയ് അഭിപ്രായപ്പെട്ടത്. "രാജ്യത്തെ ബോണഫൈഡ് സ്രോതസ്സുകളിൽ നിന്ന് (തൊഴിൽ സംബന്ധിച്ച) കണക്കുകൾ ഇന്ന് ലഭ്യമല്ല. യഥാർത്ഥത്തിൽ തൊഴിലവസരങ്ങളുടെയോ തൊഴിലില്ലായ്മയുടെയോ കണക്കുകൾ നൽകുന്ന എല്ലാ ഏജൻസികളും അവർ അടച്ചുപൂട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്യപ്പെട്ട ആറ് ദശലക്ഷം ജോലികൾ അസാധ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്"-ബോർഡോലോയ് പറഞ്ഞു.
അതേസമയം ജിഎസ്ടി തുകയിലെ വർധനവും നെല്ലിനും ഗോതമ്പിനുമുള്ള എംഎസ്പി ഉൾപ്പെടെയുള്ള സർക്കാർ വകയിരുത്തലുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. "എംഎസ്പിയുടെ പരിധിയിൽ നിന്ന് വടക്കുകിഴക്കൻ മേഖലകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കഴിഞ്ഞ ഒരു വർഷമായി ശക്തമായി ഉയർത്തിക്കാട്ടുകയാണ്. എംഎസ്പി തുല്യമായി വിതരണം ചെയ്യാതെ സർക്കാർ അനീതിയാണ് കാണിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻസെക്‌സും സാമ്പത്തിക പ്രവർത്തനങ്ങളും കുതിച്ചുയരുന്നത് ഉദ്ധരിച്ച് ധനമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ്. രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വലിയ തോതിലാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മറുവശത്ത് ദരിദ്രരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ വൻകിട വ്യവസായി സുഹൃത്തുക്കളുടെ താൽപര്യങ്ങൾക്കാണ് ബജറ്റ് ഊന്നൽ നൽകിയതെന്നായിരുന്നു ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവും കാലിയാബോർ എംപിയുമായ ഗൗരവ് ഗൊഗോയ് അഭിപ്രായപ്പെട്ടത്.
കേന്ദ്ര ബജറ്റ് രാജ്യത്തിന് ഇരുട്ടടിയാണെന്നായിരുന്നു എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്. കോവിഡ് കാലത്ത് ജനജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെറുകിട വ്യാവസായിക-കാര്‍ഷിക മേഖല തകരുകയും തൊഴിലില്ലായ്മ മുമ്പെങ്ങുമില്ലാത്ത വിധം കുതിക്കുകയും ചെയ്യുന്ന സാഹചര്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാവാത്ത കേന്ദ്ര ബജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതിന് തുല്യമാണ്. തൊഴിലില്ലായ്മയ്‌ക്കൊപ്പം പണപ്പെരുപ്പവും നടുവൊടിച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഒന്നുമില്ലാതെ പഴയ വാഗ്ദാനങ്ങള്‍ പൊടി തട്ടിയെടുക്കുക മാത്രമാണ് നിര്‍മ്മലാ സീതാരാമന്‍ ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യവികസനത്തിന് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലക്ക് ഊര്‍ജം പകരാനുതകുന്ന ഒന്നും തന്നെ ബജറ്റിലില്ല. പ്രധാനമന്ത്രി ഗതി ശക്തി എന്ന പേരില്‍ നിലവിലുള്ള പദ്ധതികള്‍ക്ക് പുതിയൊരു പേര് നല്‍കി എന്നതിനപ്പുറം രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനോ, കാര്‍ഷിക രംഗത്തെ തകര്‍ച്ചക്ക് പരിഹാരം നിര്‍ദേശിക്കാനോ ഈ ബജറ്റില്‍ സാധിച്ചിട്ടില്ലെന്നത് നിരാശയുടെ ആഴം വര്‍ധിപ്പിക്കുന്നു.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി പ്രിയ പി വാര്യർ: വൈറലായി പുതിയ ചിത്രങ്ങള്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടു താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും താങ്ങുവില ഉറപ്പാക്കാന്‍ നടപടികളൊന്നും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നത് കേന്ദ്ര സര്‍ക്കാറിന്റെ കൂറ് ആരോടാണെന്ന് വ്യക്തമാക്കുന്നതാണ്. കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്.
ക്രിപ്‌റ്റോ കറന്‍സി നിയമവിധേയമാക്കുന്നതുമായി സംബന്ധിച്ച് വിശദമായ കൂടിയാലോചനകള്‍ പാര്‍ലമെന്റില്‍ പോലും നടത്താതെ പിന്‍വാതിലിലൂടെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബജറ്റില്‍ ഉണ്ടായിരിക്കുന്നത്. സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള ഒരുവിധ പ്രഖ്യാപനങ്ങളുമില്ലാത്ത നിരാശാജനകമായ ബജറ്റാണ് ഈ കടുത്ത സാമ്പത്തിക ദുരിതത്തിനിടയിലും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. റെയില്‍വേയുടെ ഉള്‍പ്പെടെ സ്വകാര്യ വത്കരണം പൂര്‍ത്തിയാക്കാനുള്ള ഒളിഅജണ്ടയാണ് വന്ദേ ഭാരത് എന്ന പേരില്‍ സ്വകാര്യ മേഖലയ്ക്ക് പൂര്‍ണാനുവാദം നല്‍കിയതിലൂടെ തെളിയുന്നത്. ദുര്‍ബല ജനവിഭാഗത്തെ തമസ്‌കരിക്കാനും സമ്പന്ന വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം രാജ്യത്തെ എവിടെയെത്തിക്കുമെന്ന് ഈ അവസരത്തില്‍ ജനങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications