കോണ്‍ഗ്രസിന്റെ കൈവശമുള്ളത് മൂന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി, അതും നഷ്ടമാകും
ദില്ലി: തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസിന് ദീര്‍ഘകാലമായി തിരിച്ചടി ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അതിലും വലിയൊരു പ്രതിസന്ധി കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ വരാന്‍ പോവുകയാണ്. മൂന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈവശമുണ്ട്. എന്നാല്‍ പാര്‍ലമെന്റിലെ പാനല്‍ പുനസംഘടനയില്‍ ഇതും കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. ഇതോടെ പാര്‍ലമെന്റില്‍ ഏതെങ്കിലും തരത്തില്‍ കരുത്ത് കാണിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസിന് നഷ്ടമാകും. ഏതെങ്കിലും നടപടിയുടെയോ തീരുമാനത്തിന്റെയും ഭാഗമാകാനും കോണ്‍ഗ്രസിന് സാധിച്ചേക്കില്ല.

പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും അംഗങ്ങളുടെ കുറവ് കൊണ്ടാണ് കോണ്‍ഗ്രസിന് ഈ പാനലിലെ ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകാന്‍ പോകുന്നത്. രാജ്യസഭയില്‍ നിലവില്‍ 33 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. 2019ല്‍ 56 അംഗങ്ങശള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ലോക്‌സഭയിലെ കാര്യമെടുത്താല്‍ 52 എംപിമാരാണ് ഉള്ളത്. ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. മൂന്ന് ചെയര്‍മാന്‍ പദവികള്‍ കൈവശം വെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ബിജെപി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിലൊരു ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് അര്‍ഹതപ്പെട്ടതാണെന്ന് അംഗങ്ങള്‍ പറയുന്നു.
്‌നേരത്തെ ശശി തരൂര്‍ അടക്കം അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ബിജെപി നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചില നേതാക്കള്‍ കമ്മിറ്റിയുടെ യോഗത്തില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ബിജെപിക്ക് താല്‍പര്യമില്ലാത്ത വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു വിവരം. ഇതെല്ലാം ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കമ്മിറ്റികളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ഇതേ തുടര്‍ന്ന് ആരംഭിച്ചിരുന്നു. നിലവില്‍ പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും ഏതെങ്കിലുമൊരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗത്വമുണ്ടായിരിക്കും.
അതേസമയം 24 പാനലുകളില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം പാര്‍ലമെന്റിലെ അംഗസംഖ്യ അനുസരിച്ചാണ് ലഭിക്കുക. എല്ലാ ചെയര്‍പേഴ്‌സണ്‍മാരെയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവോ ആണ് നാമനിര്‍ദേശം ചെയ്യുക. ഇതിനായി ഒരു കര്‍ശന ക്വാട്ട സമ്പ്രദായം തന്നെയുണ്ട്. 2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ പദവി ഇതേ പോലെ നഷ്ടമായിരുന്നു. 2014ല്‍ 34 സീറ്റ് ഇരുസഭകളിലും തൃണമൂലിനുണ്ടായിരുന്നു. എന്നാല്‍ 2019ല്‍ അത് 28 സീറ്റായി കുറഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വലിയ തിരിച്ചടി ബംഗാളില്‍ ഉണ്ടായിരുന്നു. 22 സീറ്റിലേക്ക് വീണിരുന്നു തൃണമൂല്‍. ഇതേ തുടര്‍ന്നാണ് അംഗങ്ങളുടെ എണ്ണം കുറഞ്ഞത്.
നേരത്തെ തൃണമൂല്‍ രണ്ട് പാനലുകളുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിരുന്നു. എന്നാല്‍ അതിലൊന്ന് മാത്രമാണ് ഇപ്പോഴുള്ളത്. ഫുഡ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് പാനലിന്റെ ചെയര്‍മാനായി സുദീപ് ബന്ദോപധ്യായ മാത്രമാണ് ഇപ്പോഴുള്ളത്. ഒരു വര്‍ഷ കാലാവധിയാണ് ഓരോ പാനലിനും ഉണ്ടാവുക. വര്‍ഷാവസാനം ഇതില്‍ പുനസംഘടനയുണ്ടാവും. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പാനലുകള്‍ പിരിച്ചുവിടും. പുതിയ ലോക്‌സഭ നിലവില്‍ വന്ന ശേഷം പുതിയ പാനലും രൂപീകരിക്കും. ആഭ്യന്തര കാര്യങ്ങള്‍, വിവരസാങ്കേതിക വിദ്യ, പരിസ്ഥിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് നിലവില്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനമുള്ളത്.
കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം എടുത്ത് കളയണമെന്ന് ബിജെപി നേതാക്കള്‍ ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. ഇരുപത് എംപിമാരോളം കോണ്‍ഗ്രസിന് കുറഞ്ഞിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഐടി പാനലിന്റെ ചുമതലയുള്ള ശശി തരൂരിനെ തന്നെ മാറ്റണമെന്നാണ് ആവശ്യം. പകരമൊരു ബിജെപി നേതാവിനെ കൊണ്ടുവരണമെന്നാണ് ആവശ്യം. ബിജെപി നേതാവ് നിഷികാന്ത് ദുബെ അടക്കം ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. തരൂരിനെ മാറ്റണമെന്നാണ് ആവശ്യം. ഈ പാനല്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അതിന്റെ നടപടികളും ശരിയല്ലെന്നാണ് ബിജെപി വാദിക്കുന്നത്. കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് ഈ പാനലുകള്‍. 16 എണ്ണം ലോക്‌സഭയുടെ പരിധിയിലും ബാക്കിയുള്ള എട്ടെണ്ണം രാജ്യസഭാ പരിധിയിലുമാണ്.












Click it and Unblock the Notifications