സുമിത്ര മഹാജൻ മരിച്ചെന്ന് ട്വീറ്റ് ചെയ്ത് വെട്ടിലായി ശശി തരൂർ, വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി എംപി
ദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജന്റെ മരണവാര്‍ത്തയാണ് കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയയിലും ചില വാര്‍ത്താ സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടത്. സുമിത്ര മഹാജന്‍ മരണപ്പെട്ടതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തതിന്റെ ചുവട് പിടിച്ചായിരുന്നു വാര്‍ത്തകള്‍.
പിന്നാലെ സുമിത്ര മഹാജന്റെ മകനും സുമിത്ര മഹാജന്‍ നേരിട്ടും പ്രതികരണവുമായി രംഗത്ത് വന്നതോടെ തരൂര്‍ വെട്ടിലായി. സംഭവം വിവാദമായതോടെ ശശി തരൂര്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

മരിച്ചെന്ന് ട്വീറ്റ്
വ്യാഴാഴ്ച രാത്രിയോടെയാണ് ശശി തരൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സുമിത്ര മഹാജന്റെ മരണവാര്‍ത്ത ട്വീറ്റ് ചെയ്യപ്പെട്ടത്. ''മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ മരണവാര്‍ത്തയില്‍ ദുഖം രേഖപ്പെടുത്തുന്നു, അവരുമായി നടത്തിയ നിരവധി പോസിറ്റീവ് സംവാദങ്ങള്‍ ഓര്‍ക്കുന്നു'' എന്നിങ്ങനെ ആണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ സുമിത്രാ മഹാജന്റെ മകനും ബിജെപി നേതാവ് കൈലാഷ് വിജയവാര്‍ഗിയ അടക്കമുളളവരും വാര്‍ത്ത തെറ്റെന്ന് വ്യക്തമാക്കി രംഗത്ത് വന്നു.

തരൂര്‍ ട്വീറ്റ് നീക്കം ചെയ്തു
സുമിത്ര മഹാജന്‍ പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു എന്ന് വിജയ് വാര്‍ഗിയ ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് ശശി തരൂര്‍ ട്വീറ്റ് നീക്കം ചെയ്തു. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണ് എന്ന് മനസ്സിലാവുന്നില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. സുമിത്ര മഹാജന്‍ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്ന് മകന്‍ മന്ദര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

താന്‍ മരിച്ചതായി തോന്നുന്നുണ്ടോ
അമ്മയെ വൈകിട്ട് സന്ദര്‍ശിച്ചതാണെന്നും അവര്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും മന്ദര്‍ അഭ്യര്‍ത്ഥിച്ചു. സുമിത്ര മഹാജനും പ്രതികരണവുമായി രംഗത്ത് വന്നു. സുമിത്ര മഹാജന്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്ത് വന്നത്. തന്റെ ശബ്ദം കേട്ടിട്ട് താന്‍ മരിച്ചതായി തോന്നുന്നുണ്ടോ എന്നാണ് സുമിത്ര മഹാജന്‍ ചോദിക്കുന്നത്.

താന്‍ എന്ത് ചെയ്യാനാണ്
യാതൊരു സ്ഥിരീകരണവും നടത്താതെ ആണ് ആളുകള്‍ വാര്‍ത്തകള്‍ നല്‍കുന്നത് എന്നും താന്‍ എന്ത് ചെയ്യാനാണ് എന്നും സുമിത്ര മഹാജന്‍ ചോദിച്ചു. ഇന്‍ഡോര്‍ ജില്ലാ ഭരണകൂടത്തോടെങ്കിലും ഈ ആളുകള്‍ അന്വേഷിക്കണമായിരുന്നു. കേന്ദ്ര സര്‍ക്കാരും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഇക്കാര്യം ശ്രദ്ധിക്കണം. ഇതിപ്പോള്‍ രാജ്യത്താകെ വാര്‍ത്തയായിരിക്കുകയാണ്. തനിക്ക് മുംബൈയിലെ ബന്ധുക്കളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

മാപ്പ് പറഞ്ഞ് തരൂർ
ആരാണ് ഈ വ്യാജ വാര്‍ത്ത താങ്കള്‍ക്ക് നല്‍കിയത് എന്ന് ശശി തരൂരിനോട് തന്റെ സഹോദരന്റെ മകള്‍ ചോദിച്ചിട്ടുണ്ട് എന്നും സുമിത്ര മഹാജന്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ശശി തരൂര്‍ നേരിട്ട് സുമിത്ര മഹാജന്റെ മകനെ ബന്ധപ്പെട്ട് സംസാരിച്ചു. തരൂര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ''സുമിത്ര മഹാജന്റെ മകനോട് സംസാരിക്കുകയും ആത്മാര്‍ത്ഥമായിട്ടുളള ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനത് മനസ്സിലായിട്ടുണ്ട്. സുമിത്ര മഹാജന്‍ ആരോഗ്യവതിയായിരിക്കുന്നു എന്നതില്‍ സന്തോഷ''മെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications