തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയ ഗാന്ധിയില്ല; ആരോഗ്യനില വഷളായെന്ന് അഭ്യൂഹം! നിഷേധിച്ച് പാര്‍ട്ടി
ഉത്തര്‍പ്രദേശില്‍ സോണിയ പ്രചാരണത്തിനെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവര്‍ എവിടെയും പ്രചാരണത്തിന് ഉണ്ടാവില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പ്രചാരണത്തിന് എത്തില്ല. ഒരു റാലികളിലും പൊതുയോഗങ്ങളിലും അവര്‍ പങ്കെടുക്കില്ല. ഉത്തര്‍പ്രദേശില്‍ സോണിയ പ്രചാരണത്തിനെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവര്‍ എവിടെയും പ്രചാരണത്തിന് ഉണ്ടാവില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ മുന്നിലുണ്ടാവും. പിന്നെ സഹോദരി പ്രിയങ്കാ ഗാന്ധിയും. ആരോഗ്യകാരണങ്ങളാലാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് എത്താത്തത്. അവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മിക്ക ദിവസങ്ങളിലും അവര്‍ ഹാജരായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിനെതിരേ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പ്രതിഷേധം സംഘടിപ്പിച്ച പാര്‍ലമെന്റ് സമ്മേളനമായിരുന്നു കഴിഞ്ഞത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തിലും സോണിയ പങ്കെടുക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.

ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ സഭയിലെ പദ്ധതികള്‍ ആസൂത്രണം ചെയ്തത് രാഹുല്‍ ഗാന്ധിയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുള്‍പ്പെടെയുള്ള നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തിയത് ഏറെ വാര്‍ത്തയായിരുന്നു.

ആരോഗ്യകാരണങ്ങളല്ല സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി തയ്യാറാക്കിയ പ്രമുഖ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയില്‍ 40 പേരാണുള്ളത്. ഇതില്‍ ആദ്യ വ്യക്തി സോണിയാ ഗാന്ധിയാണ്. പിന്നെ എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നില്ല.

രാഹുലിന് കൂടുതല്‍ അവസരം നല്‍കാനാണ് സോണിയ പാര്‍ട്ടി നേതൃത്വങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ കേന്ദ്രീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം സഖ്യപ്രചാരണത്തില്‍ രാഹുല്‍ സജീവമാവും.

പ്രിയങ്കയും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിലുണ്ടാവും. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പ്രിയങ്കയാണ്. അവരുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഉത്തര്‍പ്രദേശിന് പുറമെ, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications