'മോദാനിയുടെ എഫ്ഡിഐ നയം:ഭയം, വഞ്ചന, ഭീഷണി', രൂക്ഷവിമർശനവുമായി കോൺഗ്രസ്
ഹിന്റർബർഗ് റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദാനിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ജയറാം രമേഷ്. ഭയവും വഞ്ചനയും ഭീഷണിയും നിറഞ്ഞതാണ് നരേന്ദ്രമോദിയുടേയും അദാനിയുടേയും വിദേശ നയമെന്ന് എക്സിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ വ്യവസായികൾ വിദേശ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
'മോദാനിയുടെ എഫ്ഡിഐ നയം; ഭയം, വഞ്ച, ഭീഷണി. ഇങ്ങനെയാണോ സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കപ്പെടുക? ഇന്ത്യൻ വ്യവസായികൾ വിദേശത്തേക്ക് താമസം മാറ്റാനും നിക്ഷേപ അവസരങ്ങൾ തേടാനും നിർബന്ധിതരാകുന്നതിൽ അതിശയിക്കാനുണ്ടോ?', അദ്ദേഹം കുറിച്ചു.

'സിബിഐ എൻഡിടിവി ഓഫീസുകളിലും സ്ഥാപകൻ പ്രണയ് റോയിയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു. ഫലം - അദാനി ഗ്രൂപ്പിന് ഇപ്പോൾ എൻഡിടിവിയിൽ 64.71 ശതമാനം ഓഹരിയുണ്ട്. എസിസി, അംബുജ സിമൻ്റ് ഓഫീസുകളിൽ സിസിഐ സംഘം റെയ്ഡ് നടത്തി. ഫലം - അംബുജ സിമൻ്റ്‌സ് ഏറ്റെടുത്തതിന് ശേഷം അദാനി ഗ്രൂപ്പ് രണ്ടാമത്തെ വലിയ സിമൻ്റ് കമ്പനിയായി ഉയർന്നു.മുംബൈ വിമാനത്താവളത്തിലെ ജിവികെ ഗ്രൂപ്പ് ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. ഫലം - ജിവികെ എയർപോർട്ട് ഡെവലപ്പർമാരിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന് ഏകദേശം 98 ശതമാനം ഓഹരിയുണ്ട്.നോയിഡയിലെ ക്വിൻ്റ് ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഫലം: ക്വിൻ്റില്യൺ ബിസിനസ് മീഡിയയുടെ 49% ഓഹരി അദാനി 48 കോടിക്ക് സ്വന്തമാക്കി', ഇത്തരത്തിൽ അദാനി ഗ്രൂപ്പ് നേട്ടം കൊയ്ത 100 കാര്യങ്ങൾ ജയറാം രമേശ് പോസ്റ്റിൽ പങ്കുവെച്ചു.
സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധുരിക്കും ഭർത്താവിനും ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു മാധവി ബുച്ചിന്റെ പ്രതികരണം.സെബി എൻഫോഴ്‌സ്‌മെൻ്റ് നടപടിയെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന് പ്രതികാര നടപടിയായി ഹിന്റർബർഗ് സ്വഭാവഹത്യ നടത്തുകയാണെന്നും മാധവി ആരോപിച്ചു. ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അടക്കം തള്ളിയ ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും വസ്‌തുതകളെയും നിയമത്തെയും അവഗണിച്ച് കൊണ്ട് വ്യക്തിപരമായ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതാണ് ആരോപണങ്ങളെന്നുമായിരുന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.












Click it and Unblock the Notifications