'72 ലേറെ സീറ്റുകള്‍ നേടി തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ അധികാരത്തിലെത്തും': പ്രതീക്ഷ
ഹൈദരാബാദ്: ഒന്നരവര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. കെ ചന്ദ്രശഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സര്‍ക്കാറിനെതിരെ ജനവികാരം ശക്തമാണമെന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അധികാരം പിടിക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.
പിസിസി അധ്യക്ഷനായി പുതുതായി നിയമിതനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തുടനീളം പാര്‍ട്ടി നടത്തുന്നുണ്ട്. അതോടൊപ്പം തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധിയാളുകള്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്യുന്നുണ്ട്.

അടുത്ത തവണ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി അഭിപ്രായപ്പെടുന്നത്. ആകെ 119 നിയമസഭാ മണ്ഡലങ്ങളുള്ള തെലങ്കാനയില്‍ ഏറ്റവും കുറഞ്ഞത് 72 ഇടത്തെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി ജെ പി, ടി ആര്‍ എസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ മാത്രമല്ല, വന്‍തോതില്‍ പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിനോട് ടിആര്‍എസ് പുലര്‍ത്തുന്ന മൃദുസമീപനത്തില്‍ അവരില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന ന്യൂനപക്ഷങ്ങളെ അകറ്റിയിട്ടുണ്ട്. സ്വാഭാവികമായും അവര്‍ക്ക് ഇനിയുള്ള ഏക ആശ്രയം കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

ടി ആർ എസ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കാതെ കിടക്കുകയാണ്. അതിനാല്‍ തന്നെ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ കോൺഗ്രസിന് അനുകൂലമായി മാറിയിരിക്കുകയാണ്. മുൻ കോൺഗ്രസ് സർക്കാരുകൾ ദളിതരുടെയും ഗോത്രങ്ങളുടെയും താൽപ്പര്യങ്ങൾക്കായി നിരവധി പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ ടിആർഎസ് സർക്കാർ ഈ പരിപാടികൾ നടപ്പാക്കുന്നത് നിർത്തിവച്ചെന്നും ടി പി സി സി പ്രസിഡന്റ് പറഞ്ഞു.

ടി ആർ എസ് സർക്കാർ ഫീസ് റീഇംബേഴ്സ്മെന്റ്, ആരോഗ്യശ്രീ, തുടങ്ങി കോൺഗ്രസ് അവതരിപ്പിച്ച നിരവധി ജനകീയ പദ്ധതികള്‍ ടി ആര്‍ എസ് സര്‍ക്കാര്‍ മരവിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥാനത്തെ യുവാക്കള്‍ തൊഴിലില്ലായ്മ കാരണം ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുള്ള തസ്തികള്‍ പോലും നികത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഗാന്ധിഭവനിൽ കോൺഗ്രസിന്റെ മണ്ഡലംതല കോർഡിനേറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.

യോഗത്തിൽ പങ്കെടുത്ത അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇൻചാർജ് മാണിക്കം ടാഗോർ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ചു പാർട്ടി നേതാക്കളുമായി സംവദിക്കുകയും തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ആരോഗ്യശ്രീ പോലുള്ള പദ്ധതികൾ നിർത്തലാക്കുന്നത് പാവപ്പെട്ട വിഭാഗങ്ങൾക്കും ദളിതർക്കും ഗോത്രവർഗക്കാർക്കും അമിതഭാരം ചുമത്തുകയും ഗവൺമെന്റിന്റെ പിന്തിരിപ്പൻ നയങ്ങൾ ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെ പോലും സാരമായി ബാധിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

2017 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു തെലങ്കാന. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുമായി സഖ്യം ചേര്‍ന്നായിരുന്നു മത്സരം. എന്നാല്‍ മത്സരം ഫലം പുറത്ത് വന്നപ്പോള്‍ ആകെയുള്ള 119 സീറ്റില്‍ 19 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് അന്ന് സംസ്ഥാനത്ത് വിജയിക്കാന്‍ സാധിച്ചത്.












Click it and Unblock the Notifications