കോണ്‍ഗ്രസ് കിഴക്ക്-പടിഞ്ഞാറ് യാത്രയ്ക്ക്; ജോഡോ യാത്രയില്‍ നിന്ന് വ്യത്യസ്തം, പുതിയ വിവരങ്ങള്‍
അരുണാചല്‍ പ്രദേശ് മുതല്‍ ഗുജറാത്ത് വരെ നീളുന്നതാകും യാത്ര. വനവും നദികളും ഏറെയുള്ള മേഖലയായതിനാല്‍ ചില വ്യത്യാസങ്ങളുണ്ടാകും

ന്യൂഡല്‍ഹി: തെക്ക് കന്യാകുമാരിയില്‍ നിന്ന് വടക്ക് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ ക്ഷീണം മാറും മുമ്പ് കോണ്‍ഗ്രസ് പുതിയ യാത്രയ്ക്ക് ഒരുങ്ങുന്നു. ദിവസങ്ങള്‍ക്കകം ഇതിന്റെ പ്രഖ്യാപനമുണ്ടാകും. ഭാരത് ജോഡോ യാത്രയില്‍ നിന്ന് വളരെ വ്യത്യസ്തമായ യാത്രയായിരിക്കും ഇനി നടക്കാന്‍ പോകുന്നത്.
അരുണാചല്‍ പ്രദേശില്‍ നിന്ന് ഗുജറാത്തിലേക്കാണ് യാത്ര സംഘടിപ്പിക്കുക. പുതിയ യാത്ര സംഘടിപ്പിക്കണമെന്ന ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് പറഞ്ഞു. യാത്ര സംബന്ധിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ...

പോര്‍ബന്ദര്‍ വരെ
ഭാരത് ജോഡോ യാത്ര 4000ത്തേളം കിലോമീറ്ററായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തുടങ്ങി ഇക്കഴിഞ്ഞ മാസമാണ് ശ്രീനഗറില്‍ അവസാനിച്ചത്. എന്നാല്‍ പുതിയ യാത്ര വേറിട്ട രീതിയിലാകും. കൂടുതലും പദയാത്ര തന്നെയായിരിക്കുമെങ്കിലും ചില ഘട്ടങ്ങളില്‍ മറ്റു വഴികളും സ്വീകരിക്കും. അരുണാചല്‍ പ്രദേശിലെ പസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ തുറമുഖം വരെയാകും യാത്ര.

എണ്ണം കുറയും
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഒരു പദയാത്ര സംഘടിപ്പിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ച അത്രതന്നെ സൗകര്യങ്ങള്‍ പുതിയ യാത്രയ്ക്ക് ഉണ്ടാകില്ല. യാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. പദയാത്ര തന്നെയാണ് ഉദ്ദേശിക്കുന്നത്. എങ്കിലും വനവും നദികളുമുള്ളതിനാല്‍ മറ്റു വഴികളും തേടുമെന്ന് ജയറാം രമേശ് പറഞ്ഞു.

മഴ വരുന്നതിന് മുമ്പ്
ഏപ്രിലിലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. ജൂണില്‍ മഴ തുടങ്ങും. നവംബറില്‍ വീണ്ടും തിരഞ്ഞെടുപ്പുകള്‍ വരികയാണ്. ഇതിനിടെയാകണം പദയാത്ര സംഘടിപ്പിക്കേണ്ടത്. ജൂണിന് മുമ്പോ നവംബറിന് മുമ്പോ ആകും യാത്ര. ജോഡോ യാത്രയുടെ അത്ര കാലദൈര്‍ഘ്യമുണ്ടാകില്ല. ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്കകം അന്തിമ തീരുമാനമെടുക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ആവേശത്തില്‍
റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ഭാരത് ജോഡോ യാത്രയില്‍ ലഭിച്ച ആത്മധൈര്യം രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. ഇനിയും സമാനമായ യാത്രകള്‍ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യം മൊത്തം കോണ്‍ഗ്രസിനൊപ്പം നടക്കുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തൊട്ടുപിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം.

ആര് നേതൃത്വം നല്‍കും
എന്നാല്‍ പുതിയ യാത്രയ്ക്ക് ആരാകും നേതൃത്വം നല്‍കുക, രാഹുല്‍ ഗാന്ധി തന്നെയാകുമോ നയിക്കുക, അല്ലെങ്കില്‍ പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആകുമോ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്. ഇനിയുള്ള യാത്ര നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ കൂടുതലും ബിജെപിക്ക് സ്വാധീനമുള്ള ഭാഗങ്ങള്‍ കൂടിയാണ്.












Click it and Unblock the Notifications