എഎപിയെ കൂടെ കൂട്ടിയിരുന്നെങ്കിലും കോണ്‍ഗ്രസ് രക്ഷപ്പെടുമായിരുന്നില്ല: പക്ഷെ ഹരിയാനയില്‍ സീറ്റുകള്‍ ഉയര്‍ന്നേനെ
സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിരിക്കുന്നത്. എക്സിറ്റ്പോളുകള്‍ കൂടി അനുകൂല സൂചന നല്‍കിയതോടെ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ന്നു. വോട്ടെണ്ണലിന്‍റെ തുടക്കത്തിലും കോണ്‍ഗ്രസിന് അനുകൂലമായിട്ടായിരുന്നു കാര്യങ്ങള്‍. ആദ്യ ഘട്ടങ്ങളിലെ ഫലസൂചനകളില്‍ ആകെ 90 സീറ്റംകളുള്ള ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ ലീഡ് നില 70 ന് മുകളിലേക്ക് വരെ ഉയര്‍ന്നു.
കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരം പിടിച്ചെന്ന് ഉറപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്തും ഹരിയാനയിലെ പി സി സി ആസ്ഥനത്തുമാക്കെ ആഘോഷം തുടങ്ങി. എന്നാല്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. പതിയെ മുന്നോട്ട് കയറിവന്ന ബി ജെ പി ഒടുവില്‍ ഒറ്റയ്ക്ക് അധികാരം പിടിക്കുന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ വര്‍ഷം 40 സീറ്റുകളില്‍ ഒതുങ്ങി അധികാരം പിടിക്കാന്‍ ജെ ജെ പിയുടെ പിന്തുണ തേടേണ്ടി വന്ന ബി ജെ പിക്ക് ഇത്തവണ ലഭിച്ചത് 48 സീറ്റുകള്‍. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകള്‍ വേണ്ട സംസ്ഥാനത്ത് കൃത്യമായ ഭൂരിപക്ഷം തനിച്ച് നേടി മൂന്നാമതും അധികാരത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചു. ഭരണം പിടിക്കാമെന്ന് സ്വപ്നം കണ്ട കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി. ഐ എന്‍ എല്‍ ഡി 2സീറ്റും സ്വതന്ത്രര്‍ 3 സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടിയ ജെ ജെ പിക്ക് ഇത്തവണ ഒരു സീറ്റും നേടാനായില്ല.

മൂന്നാം തവണയും പ്രതീക്ഷകള്‍ തകര്‍ന്ന കോണ്‍ഗ്രസ് തിരിച്ചടയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എ എ പിയുമായി സഖ്യം രൂപീകരിക്കാന്‍ കഴിയാതെ പോയത് മുതലുള്ള കാര്യങ്ങള്‍ തിരിച്ചടിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ എ എ പിക്ക് ലഭിച്ച എല്ലാവോട്ടുകളും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കണക്ക് കൂട്ടിയാലും അവര്‍ക്ക് അധികാരത്തിലെത്താനുള്ള സഖ്യ ലഭിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 41 ആയി ഉയര്‍ന്നേനെ. മറുവശത്ത് ബി ജെ പിക്ക് സതന്ത്രരുടെ പിന്തുണ ഉറപ്പിക്കാതെ ഭരണം പിടിക്കാനും സാധിക്കില്ല.
48 സീറ്റുകള്‍ നേടിയെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം വെറും 39.94 ആയിരുന്നു. അതേസമയം 38 നേടിയ കോണ്‍ഗ്രസിന്‍റേത് 39.09 ശതമാനവുമാണ്. എഎപിക്ക് ആകെ 2.48 ലക്ഷം വോട്ടുകൾ നേടാൻ സാധിച്ചിട്ടുണ്ട്. 1.79 ശതമാനം വോട്ട് വിഹിതവും. എന്നാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. അസന്ദ്, ഉച്ചന കലൻ, റാനിയ, ദബ്വാലി എന്നീ സീറ്റുകളില്‍ ആം ആദ്മി നേടിയ വോട്ടുകൾ കൂടി വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ഈ സീറ്റുകളിൽ ബിജെപിയും ഐഎൻഎൽഡിയുമാണ് വിജയിച്ചത്. രണ്ട് വീതം സീറ്റുകളാണ് പാർട്ടികൾക്ക് ലഭിച്ചത്.
അസന്ധിൽ ആം ആദ്മിക്ക് ലഭിച്ചത് 4290 വോട്ടുകളാണ്. ബിജെപി മണ്ഡലത്തിൽ ജയിച്ചത് വെറും 2306 വോട്ടുകളുടെ ഭൂരിപക്ഷത്തിനും. ദേശീയ തലത്തിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിക്ക് ലഭിച്ച വോട്ടുകൾ കോൺഗ്രസിന് ഇവിടെ ലഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ കോൺഗ്രസിന് ഇവിടെ ജയിക്കാൻ സാധിച്ചേനെ. എൻസിപിക്ക് 4218 വോട്ടുകൾ ഇവിടെ നേടാൻ കഴിഞ്ഞിരുന്നു. മണ്ഡലത്തിൽ കോൺഗ്രസിന് ആകെ ലഭിച്ചത് 52,455 വോട്ടുകളും ബിജെപിക്ക് 54,761 വോട്ടുകളുമാണ്.
എ എ പി 2495 വോട്ട് നേടിയ ഉച്ചന കലനില്‍ ബി ജെ പിയുടെ ഭൂരിപക്ഷം വെറും 32 ആയിരുന്നു. ഐഎൻഎൽഡി വിജയിച്ച മറ്റൊരു മണ്ഡലമായ റെയ്നയിൽ അവരുടെ ഭൂരിപക്ഷം 4191 വോട്ടുകളായിരുന്നു. ഇവിടെ എഎപിക്ക് ലഭിച്ചത് 4697 വോട്ടുകളും. ഐഎൻഎൽഡി നേടിയ ദബ്വാലി മണ്ഡലത്തിൽ 610 ആയിരുന്നു ഭൂരിപക്ഷം. ഇവിടെ ആം ആദ്മിക്ക് ലഭിച്ചത് 6606 വോട്ടുകളാണ്.
ചുരുക്കത്തിൽ ആം ആദ്മിക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ഈ നാല് സീറ്റുകളിൽ സഖ്യം ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ.












Click it and Unblock the Notifications