നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തുടർ പരാജയം; കോൺഗ്രസിൽ വൻ അഴിച്ചുപണി, രാഹുൽ എഫക്ടോ?
ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ പാർട്ടി ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പുനഃസംഘടന നടത്തിയിരിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ. രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതിയുടെ കാഴ്‌ചപ്പാടുകൾക്ക് പ്രാമുഖ്യം നൽകിയാണ് പുതിയ പുനഃസംഘടന പാർട്ടി നടത്തിയിരിക്കുന്നത്. നിർണായക സ്ഥാനങ്ങളിൽ പോലും കാതലായ മാറ്റങ്ങൾ പാർട്ടി നടത്തിയിട്ടുണ്ട്.
ഹരിയാന, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോൺഗ്രസ് നടത്തിയത്. ഹരിയാനയിൽ ജയം ഉറപ്പിച്ചിടത്ത് നിന്നാണ് പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നത്. മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. എങ്കിലും ഡൽഹിയിലേത് പ്രതീക്ഷിച്ച തോൽവി തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളുടെയും തുടർച്ച മാത്രമായിരുന്നു അത്.

13 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പുതിയ ചുമതലക്കാർ വരികയും, രണ്ട് സംസ്ഥാന പ്രസിഡന്റുമാർ, രണ്ട് പുതിയ ജനറൽ സെക്രട്ടറിമാർ എന്നിവരെനിയമിക്കുകയാണ് പാർട്ടി ചെയ്‌തിരിക്കുന്നത്. ഇത് ഹൈക്കമാൻഡ് തിരഞ്ഞെടുത്ത ആളുകൾക്ക് പ്രാധാന്യം ലഭിച്ചുവെന്ന് വ്യക്തമായി സൂചന നൽകുന്ന കാര്യം കൂടിയാണ്. കൂടുതൽ അനുഭവ സമ്പത്തുള്ളവരെയാണ് സ്ഥാനങ്ങളിലേക്ക് പരിഗണിച്ചത്.
ഇത് രാഹുൽ എഫക്‌ടോ?
എസ്‌സി/എസ്‌ടി/ഒബിസി/ന്യൂനപക്ഷങ്ങൾ എന്നിവർക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന രാഹുൽ ഗാന്ധിയുടെ ആശയമാണ് പുതിയ പുനസംഘടനയിൽ പ്രതിഫലിക്കുന്നത്. പുതുതായി നിയമിതരായ രണ്ട് ജനറൽ സെക്രട്ടറിമാരിൽ സയ്യിദ് നസീർ ഹുസൈൻ കർണാടകയിൽ നിന്നുള്ള ഒരു മുസ്ലീം മുഖമാണ്. മറ്റൊരാൾ പ്രമുഖ ഒബിസി നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലുമാണ്.
കൂടാതെ മറ്റ് സ്ഥാനങ്ങളിലും ഈ ഫോർമുല തന്നെയാണ് പരീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലകൾ നൽകിയ ഒൻപത് നേതാക്കളിൽ മൂന്ന് പേർ ഒബിസിയിൽ നിന്നുള്ളവരാണ്, ഹരീഷ് ചൗധരി, അജയ് കുമാർ ലല്ലു, ബികെ ഹരിപ്രസാദ് എന്നിവരാണ് അത്. ഒരാൾ പട്ടികജാതി വിഭാഗത്തിൽപെടുന്നു, കെ രാജു. മറ്റൊരാൾ ആദിവാസി പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണ്, സപ്‌തഗിരി ഉലക.
മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർധൻ സപ്കൽ, ഒഡീഷ കോൺഗ്രസ് മേധാവി ഭക്ത് ചരൺ ദാസ് എന്നിവരുടെ നിയമനങ്ങളും രാഹുലിന്റെ നായത്തോട് ചേർന്നുനിൽക്കുന്ന നടപടികളാണ്. ഇതോടെ പാർട്ടിയുടെ തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്ന് 70 ശതമാനത്തിലധികം പ്രാതിനിധ്യമുണ്ടെന്ന് നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്.
എന്താവും ഭാവി പരിപാടി?
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ചൈന അതിർത്തി തർക്കവും സാമൂഹ്യനീതിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ച രാഹുൽ ഗാന്ധിയുടെ സ്വീകാര്യത സമീപ വർഷങ്ങളിൽ പലമടങ്ങ് വർധിച്ചതായി മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായം നിലവിലുണ്ട്.
പല സംസ്ഥാനങ്ങളിലെയും ചേരിപ്പോരും ദുർബലമായതോ പാർട്ടിയുടെ ഘടനയുടെ അഭാവമോ കാരണം നല്ല അവസരങ്ങൾ മുതലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഈ പരാതിക്ക് പുതിയ പുനസംഘടനയോടെ പരിഹാരമാവും എന്നാണ് കരുതുന്നത്. ബീഹാറിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പുനസംഘടന ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications