84,000 ഇന്ത്യക്കാർക്ക് ഒരു ഐസൊലേഷൻ ബെഡ്, 36,000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡ്!!! കൊറോണ പടര്‍ന്നാൽ...
ദില്ലി: ഇറ്റലിയിലും സ്‌പെയിനിലും ഇറാനിലും എല്ലാം കൊറോണ വൈറസ് വ്യാപനവും ആളുകളുടെ മരണവും എല്ലാം ഭീതിപ്പെടുത്തുന്നവയാണ്. ഇന്ത്യയില്‍ നിലവില്‍ അത്തരത്തില്‍ സാമൂഹിക വ്യാപനം തുടങ്ങിയിട്ടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമൂഹിക വ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാനും പറ്റാത്ത സാഹചര്യം ആണ് ഇപ്പോഴുള്ളത്.
ഏതെങ്കിലും സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായാല്‍ ഇന്ത്യയില്‍ എന്തായിരിക്കും സ്ഥിതി? അത് ഏറെ ഗൗരവതരം ആയിരിക്കും എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മാര്‍ച്ച് 17 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 84,000 ജനങ്ങള്‍ക്ക് ഒരൊറ്റ ഐസൊലേഷന്‍ ബെഡ് മാത്രമേ ഉള്ളൂ എന്നാണ് ആരോഗ്യമന്ത്രാലയം ശേഖരിച്ച വിവരം. 36,000 ജനങ്ങള്‍ക്ക് ഒരു ക്വാറന്റൈന്‍ ബെഡും. എന്താകും ഇന്ത്യയുടെ അവസ്ഥ?

ജനത കര്‍ഫ്യുവിലേക്ക് നയിച്ചത്
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ കൃത്യമായി പാലിക്കുന്നില്ല എന്നൊരു ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യാത്തത് പരിശോധനകളുടെ അഭാവം മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍ ശേഖരിച്ചത്. ഈ കണക്കുകള്‍ തന്നെയാണ് പ്രധാനമന്ത്രി ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത് എന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ വിശ്വസിക്കുന്നത്.

രണ്ടാം ഘട്ടം... മുന്നിലെത്തിയാല്‍
ഇന്ത്യയില്‍ ഇപ്പോള്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം മാത്രമേ ആയിട്ടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അല്‍പം ഭയപ്പെടുത്തുന്നതും ആണ്.
രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നാല്‍ അതിനെ പ്രതിരോധിക്കുക എളുപ്പമാകില്ല.

ആശുപത്രികളും ഡോക്ടര്‍മാരും
2019 ലെ ദേശീയ ആരോഗ്യ പ്രൊഫൈല്‍ പ്രകാരം ഉള്ള കണക്കാണ് സര്‍ക്കാരിന്റെ കൈവശം ഉള്ളത്. ഇത് പ്രകാരം രാജ്യത്ത് ആകെ 1,154,686 അലോപ്പതി ഡോക്ടര്‍മാര്‍ ആണ് ഉള്ളത്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 7,39,024 ഉം.
135 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിന് സാധാരണ ഗതിയില്‍ തന്നെ പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനം ആണിത്. കൊറോണ വൈറസ് വ്യാപനം ഉണ്ടായാല്‍ ഇതുവച്ച് പ്രതിരോധിക്കുക അസാധ്യമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

സ്വകാര്യ മേഖല
ഇന്ത്യയില്‍ സ്വകാര്യ മേഖലയിലും വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് ഉള്ളത്. പല സംസ്ഥാനങ്ങളിലും ഇത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്ത സാഹചര്യം ആണ് ഉള്ളത്. ഒരു അടിയന്തര സാഹചര്യം വന്നാല്‍, ഈ സ്വകാര്യ ആശുപത്രികളെ കൂടി എത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ ആകും എന്ന കാര്യത്തിലും ആശങ്കയുണ്ട്. നിലവിലെ സര്‍ക്കാര്‍ മാനേജ്‌മെന്റ് പ്ലാനുകളില്‍ ഒന്നും തന്നെ സ്വകാര്യ ആശുപത്രികള്‍ ഇല്ലെന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രിക്കിടക്കകള്‍ മാത്രമാണ് കോവിഡ് 19 ന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ളത്.

കേരളത്തിലെ സ്ഥിതി
രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാള്‍ മികച്ച ആരോഗ്യ സംവിധാനങ്ങളാണ് കേരളത്തില്‍ ഉള്ളത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും അങ്ങനെ തന്നെയാണ്. അടിയന്തര ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ ഇതിനോട് സഹകരിക്കണം എന്ന് സര്‍ക്കാര്‍ ആദ്യം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വലിയൊരു വിഭാഗവും സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാണ് എന്ന പ്രത്യേകതയും ഉണ്ട്.

കരുതിയിരുന്നില്ലെങ്കില്‍
ഇറ്റലി പോലുള്ള രാജ്യങ്ങള്‍ക്ക് പറ്റിയ പാളിച്ചയില്‍ നിന്ന് ഇന്ത്യ നിര്‍ബന്ധമായും പഠിക്കേണ്ടതുണ്ട്. രോഗ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ ഗൗരവത്തില്‍ എടുക്കാതിരുന്നതാണ് അവിടെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയത്. അത് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക്- സൂമാഹിക വ്യാപനത്തിലേക്ക്- എത്തിക്കുകയും ചെയ്തു.
ഇറ്റലിയില്‍ ആളുകള്‍ മരിച്ചുവീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇറാനിലും ഏതാണ്ട് ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യമായ ഇറ്റലിയ്ക്ക് പോലും രോഗത്തിന്റെ മൂന്നാം ഘട്ട വ്യാപനത്തില്‍ ഒന്നാം ചെയ്യാന്‍ ആയില്ലെന്നത് ഓര്‍മയില്‍ വയ്ക്കണം.












Click it and Unblock the Notifications